ശൂരനാട് : ബസിറങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെ കോളജ് വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. ടാപ്പിങ് തൊഴിലാളിയായ കന്യാകുമാരി കൽക്കുളം ഓമനപുരം കൊച്ചുവെട്ടുപാറയിൽ ഹൗസ് നമ്പർ 14/158 രതീഷ് വിജയൻ (33) ആണ് അറസ്റ്റിലായത്. ചക്കുവള്ളി കൊച്ചുതെരുവ് സമീപം കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
കോളജിൽ നിന്ന് വീട്ടിലേക്ക് ഒറ്റയ്ക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ എതിരെ വന്ന ഇയാൾ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിച്ചത്. വിവിധ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്നു പൊലീസ് പറഞ്ഞു.