നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഭരണ പ്രതിപക്ഷ വാക്‌പോരില്‍ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന സഭാസമ്മേളനം ജൂലൈ 27 ന് സമാപിക്കും.
ജൂണ്‍ 27 മുതല്‍ ജൂലൈ 27 വരെ 23 ദിവസങ്ങളിലായാണ് പതിനഞ്ചാം കേരളാ നിയമസഭയുടെ അഞ്ചാം സമ്മേളനം ചേരുക. 2022- 23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കലാണ് പ്രധാന അജണ്ട. 13 ദിവസമാണ് ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന്. ധനകാര്യ ബില്ലുള്‍പ്പെടെ മറ്റുബില്ലുകളും ഈ സഭാ സമ്മേളനത്തിന്റെ പരിഗണനക്ക് വരും.
മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന്റെയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെയും കരുത്തിലാണ് പ്രതിപക്ഷം ഇത്തവണ സഭയിലെത്തുന്നത്. സ്വര്‍ണ്ണ ഡോളര്‍ കടത്ത് ആരോപണം സഭക്ക് അകത്തും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. ചോദ്യോത്തരവേളയില്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രിയെ ഉന്നംവെച്ചുളള ചോദ്യങ്ങള്‍ പ്രതിപക്ഷാംഗങ്ങള്‍ ഇതിനോടകം സഭാസെക്രട്ടറിയേറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. അടിയന്തര പ്രമേയമായും സബ്മിഷനായും വിഷയം സഭയില്‍ സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.
മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങളില്‍ തങ്ങളുടെ പ്രധാന അസ്ത്രമായിരുന്ന പി ടി തോമസിന്റെ അസാന്നിധ്യം പ്രതിപക്ഷ നിരയിലുണ്ട്. എങ്കിലും പി ടി തോമസിന് പകരക്കാരിയായി ഭാര്യ ഉമതോമസ് എത്തുന്ന ആദ്യ സഭാസമ്മേളനം കൂടിയായതിനാല്‍, തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്ത് പകരും. പ്രതിപക്ഷാവനാഴിയിലെ അമ്പുകളെ തടുക്കാന്‍, പ്രതിരോധ തന്ത്രങ്ങളുമായി ഭരണപക്ഷവും സര്‍വ്വ സജ്ജരാണ്. ചുരുക്കത്തില്‍ തിങ്കളാഴ്ചയാരംഭിക്കുന്ന സമ്മേളനത്തില്‍ സഭാതലം ഭരണ പ്രതിപക്ഷ വാക്‌പോരില്‍ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.