കോഴിക്കോട് : സ്വർണക്കടത്തുകാരെ സഹായിച്ച സിഐഎസ്എഫ് അസിസ്റ്റന്റ് കമൻഡാന്റ് നവീൻ കുമാറിനെ സിഐഎസ്എഫ് ഡയറക്ടർ ജനറൽ സസ്പെന്‍ഡ് ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം നവീനെതിരെ കേസെടുത്തിരുന്നു. ചോദ്യംചെയ്യലിനും ഫ്ലാറ്റിൽ പരിശോധനയും നടത്തിയതിനു പിന്നാലെയാണു സസ്പെൻഡ് ചെയ്തിരിക്കുന്നത്
.കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പങ്കു കണ്ടെത്തി കേസെടുത്തതിനു പിന്നാലെ നവീൻ കുമാറിനെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തു സംഘത്തെ സഹായിക്കുന്നതിനുള്ള പ്രത്യേക സിംകാർഡ്, പൊലീസിനു ലഭിച്ച വാട്സാപ് സന്ദേശങ്ങൾ, കമ്മിഷൻ ആയി നവീനു നൽകിയെന്നു പറയുന്ന തുക തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചറിഞ്ഞത്.
നവീൻ താമസിക്കുന്ന കൊട്ടപ്പുറം തലേക്കരയിലെ ഫ്ലാറ്റിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, സിഐ കെ.എം.മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഫ്ലാറ്റിൽ പരിശോധന. കഴിഞ്ഞ 5ന് വിമാനത്താവളത്തിനു പുറത്തുവച്ച് 2 യാത്രക്കാരിൽനിന്നായി 503 ഗ്രാം സ്വർണ മിശ്രിതം ലഭിച്ചതാണ് അന്വേഷണം ഉദ്യോഗസ്ഥരിലേക്കെത്തിയതിനു വഴിത്തിരിവായത്.