Spread the love

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്, യോഗ്യത ബിരുദം

കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്മെന്റ് നമ്പർ: 01/2021) പ്രസിദ്ധീകരിച്ചു. ഒഴിവുകൾ: 55. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ ബിരുദം. അല്ലെങ്കിൽ മാസ്റ്റർ ബിരുദം. അല്ലെങ്കിൽ നിയമബിരുദം. കേരളത്തിലെ യൂണിവേഴ്സിറ്റികൾ നൽകിയതോ അംഗീകരിച്ചതോ അയിരിക്കണം യോഗ്യത. കംപ്യൂട്ടറിലുള്ള അറിവ് അഭിലഷണീയ യോഗ്യതയാണ്.

പ്രായം: 02.01.1985-നും 01.01.2003-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷംവരെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷംവരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. വിധവകൾക്കും അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും. എന്നാൽ, പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.

ശമ്പള സ്കെയിൽ: 39,300-83,000 രൂപ.

തിരഞ്ഞെടുപ്പ്: ഒബ്ജെക്ടീവ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റുകളും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്. ഒബ്ജെക്ടീവ് പരീക്ഷ 100 മാർക്കിന് ഒ.എം.ആർ. രീതിയിലാകും. ഒബ്ജെക്ടീവ് പരീക്ഷയ്ക്ക് 75 മിനിറ്റാണ് പരമാവധിസമയം. ജനറൽ ഇംഗ്ലീഷ് -50 മാർക്ക്, പൊതുവിജ്ഞാനം -40 മാർക്ക്, അടിസ്ഥാനഗണിതവും മാനസികശേഷിപരിശോധനയും -10 മാർക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങളുണ്ടാവുക. ഒരു ഉത്തരത്തിന് ഒരു മാർക്ക്. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് മാർക്ക് നഷ്ടമാവും.

ഡിസ്ക്രിപ്റ്റീവ് പരീക്ഷ 60 മാർക്കിനാണ്. 60 മിനിറ്റാണ് സമയം. സംഗ്രഹിച്ചെഴുതൽ, കോംപ്രിഹെൻഷൻ, ഷോർട്ട് എസ്സേ തയ്യാറാക്കൽ എന്നിവയാണ് ഇതിലുണ്ടാവുക. അഭിമുഖം 10 മാർക്കിനുള്ളതായിരിക്കും. ടെസ്റ്റിന് ഡിഗ്രി ലെവൽ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.

അപേക്ഷ: രണ്ടുഘട്ടങ്ങളിലായി ഓൺലൈനായി നൽകണം. ജൂലായ് 8-ന് അപേക്ഷിച്ചുതുടങ്ങാം. വിവരങ്ങൾക്ക്: www.hckrecruitment.nic.in.

Leave a Reply