നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപ പരമാർശം നടത്തിയ കേസിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. തനിക്കെതിരെ അധിക്ഷേപം നടത്തിയ ആക്ടിവിസ്റ്റായ രാഹുൽ ഈശ്വറിനെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. ഹണി റോസിനെ പിന്തുണച്ച് നിരവധിയാളുകൾ ഇതിനോടകം രംഗത്തെത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരാളാണ് നടി ഗായത്രി വർഷ. ഹണി റോസിനെ പിന്തുണച്ച് അവർ ചില പ്രസ്താവനകൾ നടത്തിയിരുന്നു. ഇപ്പോഴിതാ ഗായത്രിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. യൂട്യൂബിലൂടെയാണ് ശാന്തിവിള ദിനേശ് പ്രതികരിച്ചിരിക്കുന്നത്.
‘ബോബി ചെമ്മണ്ണൂരിനും രാഹുൽ ഈശ്വറിനുമെതിരെ ചങ്കിൽ കൊളളുന്ന തരത്തിലുളള പോസ്റ്റുകളാണ് ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബുദ്ധിയുളള ആരോ ചിലപ്പോൾ അവരുടെ വക്കീലായിരിക്കും ആ കത്ത് പോസ്റ്റ് ചെയ്യാൻ അവരെ സഹായിച്ചിട്ടുളളത്. രാഹുൽ ഈശ്വറിന് വിശാലമായ രീതിയിലുളള പോസ്റ്റാണ് നടി പങ്കുവച്ചിരിക്കുന്നത്.
ബോബിയുടെ രണ്ട് കടകൾ ഉദ്ഘാടനം ചെയ്യാനാണ് അവർ വന്നത്. കുറഞ്ഞത് 50 ലക്ഷമെങ്കിലും പ്രതിഫലമായി ഹണി വാങ്ങി കാണും. ഹണി റോസ് ഉദ്ഘാടനം ചെയ്യാൻ വന്നാൽ പരിസരം മുഴുവൻ ബ്ലോക്കാകും. ഒരു ഹിന്ദി നടി വരുന്ന പോലെയാണ്. കേരളത്തിൽ വലിയ മാർക്കറ്റുളള നടിയാണ്. സിനിമയിൽ വലിയ അത്ഭുതങ്ങളൊന്നും കാണിച്ചില്ലെങ്കിലും മഞ്ജു വാര്യരിനേക്കാളും സ്വീകാര്യത ലഭിച്ച നടിയാണ് ഹണി റോസ്. നിഷ്‌കളങ്കമായ ചിരി കാരണമായിരിക്കും. അറസ്റ്റ് ചെയ്യുമെന്ന് ബോബി ചെമ്മണ്ണൂർ പ്രതീക്ഷിച്ച് കാണിച്ചില്ല. ഹണി റോസ് രഹസ്യമൊഴി കൊടുത്തിരുന്നു. ബോബി എന്തൊക്കെയോ ഒളിയ്ക്കുന്നുണ്ട്. പൂജ്യത്തിൽ നിന്ന് തുടങ്ങിയ ഒരു വ്യവസായിയാണ്. എന്തിനാണ് അദ്ദേഹം പെൺകുട്ടികളോട് ദ്വയാർത്ഥ പ്രയോഗം കലർന്ന പ്രസ്താവനകൾ നടത്തുന്നത്.
ഗായത്രി വർഷ ,ബോബി ചെമ്മണ്ണൂരിനെ വിമർശിച്ചതാണ് ഞാൻ ഓർക്കുന്നത്. നമ്മൾ ഒരു സ്ഥലത്ത് പോകുമ്പോൾ എങ്ങനെയുളള വസ്ത്രം ധരിക്കണമെന്ന ബോധം നമുക്ക് വേണ്ടേ? വസ്ത്ര സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയിൽ പറയുന്നുണ്ടെന്ന് ഗായത്രി ഒരു ചർച്ചയിൽ പറഞ്ഞിരുന്നു. ഗായത്രി മാന്യമായല്ലേ വസ്ത്രം ധരിക്കുന്നത്. രാഹുൽ ഈശ്വർ ഏതെങ്കിലും വിദേശ രാജ്യത്ത് പോയി സ്ഥിരതാമസം ആരംഭിച്ചാൽ മാത്രമേ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മാറ്റം വരുകയുളളൂവെന്നാണ് ഗായത്രി പറഞ്ഞിരുന്നത്.
വിദേശരാജ്യങ്ങളിലെ സംസ്‌കാരം എന്തിനാണ് ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നത്. ഗായത്രിയുടെ അഭിപ്രായം തെറ്റാണ്. നിങ്ങൾ എന്തുകൊണ്ട് മഞ്ജു വാര്യരിനെ ശ്രദ്ധിക്കുന്നില്ല. എത്ര മാന്യമായാണ് അവർ വസ്ത്രം ധരിക്കുന്നത്. അവരവരുടെ ശരീരത്തിന് യോജിക്കുന്ന വസ്ത്രമാണ് ധരിക്കേണ്ടത്. ഹണി റോസ് ഞായറാഴ്ചകളിൽ പളളിയിൽ പോകുമ്പോൾ ഉദ്ഘാടനത്തിന് പോകുമ്പോൾ ധരിക്കുന്ന പോലുളള വസ്ത്രങ്ങളാണോ ധരിക്കുന്നത്? അങ്ങനെ പോയാൽ അവിടെ ഉളളവർ ഗെറ്റ് ഔട്ട് അടിക്കും’- ശാന്തിവിള ദിനേശ് പ്രതികരിച്ചു.