പാലക്കാട്∙ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിലവിൽ കൂട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.
അന്തിമ തീരുമാനം നാളത്തെ വൈദ്യുതി ബോർഡ് യോഗത്തിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ‘‘വൈദ്യുതി നിരക്ക് വർധന ബോർഡോ സർക്കാരോ അല്ല തീരുമാനിക്കുന്നത്. റെഗുലേറ്റർ കമ്മിഷൻ അംഗീകരിച്ചാൽ മാത്രമേ തീരുമാനമുണ്ടാകൂ. നിലവിൽ അത് പരിഗണനയിലില്ല.
ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. രണ്ടു ദിവസം മഴ പെയ്താൽ നിരക്കു കൂട്ടേണ്ടി വരില്ല. മഴയില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകും. വാങ്ങുന്ന വിലയ്ക്കേ കൊടുക്കാൻ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അധിക വൈദ്യുതി പണം കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും’’ – കൃഷ്ണൻകുട്ടി പറഞ്ഞു.
മഴ കുറഞ്ഞതിനാൽ ദിവസം 10 കോടി രൂപയുടെ വൈദ്യുതി പുറത്തുനിന്ന് അധികമായി വാങ്ങേണ്ടി വരുന്നതുമൂലം വൈദ്യുതി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കഴിഞ്ഞ 2 വർഷങ്ങളിൽ ഇതേ സമയത്ത് വൈദ്യുതി പുറത്തുകൊടുത്ത് ബോർഡ് ലാഭം ഉണ്ടാക്കിയിരുന്ന സ്ഥാനത്താണിത്. നിരക്കു കൂട്ടുന്നത് നിലവിൽ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. നിരക്ക് കൂട്ടുന്നതിനെതിരായ കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കുന്നുണ്ട്.
കാലവർഷം തുടങ്ങി രണ്ടര മാസമായിട്ടും കാര്യമായി മഴ ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജൂണിൽ ദിവസേന 7–8 കോടി രൂപയുടെ വരെ വൈദ്യുതി വാങ്ങി. ജൂലൈയിൽ മഴ ലഭിച്ചതിനാൽ 5–6 കോടിയായി കുറഞ്ഞു. വില കുറഞ്ഞ ജലവൈദ്യുതിയുടെ ഉൽപാദനം കുറയുമ്പോൾ പകരം വാങ്ങേണ്ടിവരുന്നത് വില കൂടിയ വൈദ്യുതിയാണ്. ഈ അധിക തുക ഉപയോക്താക്കളിൽനിന്നു സർചാർജായി ഈടാക്കുകയാണു ചെയ്യുക. എന്നാൽ, ഇപ്പോൾ തന്നെ യൂണിറ്റിന് 19 പൈസ സർചാർജ് വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തു വേണമെന്നു ചർച്ച ചെയ്യുന്നതിനാണ് മന്ത്രിയുടെ യോഗം.