മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ കോമഡി ഹിറ്റുകളിൽ ഒട്ടുമിക്കതിലും ഇടം പിടിക്കാൻ അപൂർവ ഭാഗ്യം ലഭിച്ച നടനാണ് ഹരിശ്രീ അശോകൻ. താരത്തിനോടുള്ള അത്രയും തന്നെ സ്നേഹം മലയാളികൾ മകനും യുവ നടനുമായ അർജുൻ അശോകനോടും കാണിക്കാറുണ്ട്. ഇപ്പോഴിതാ താൻ സിനിമയിലേക്ക് വന്ന സാഹചര്യത്തെക്കുറിച്ചും മുൻകാലങ്ങളിൽ നേരിട്ട സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചും തന്റെ ജീവിതത്തിൽ പുണ്യാളനായി അവതരിച്ച നടനെക്കുറിച്ചും തുറന്നു പറയുകയാണ് താരം ഇപ്പോൾ.
താൻ സിനിമയിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ച കാലത്ത് അച്ഛൻ ഹരിശ്രീ അശോകൻ സിനിമയിൽ സജീവമല്ലാത്ത സമയമായിരുന്നു എന്നും അച്ഛനുപോലും അവസരങ്ങൾ കിട്ടാത്ത കാലമായിരുന്നതിനാൽ തന്നെ സിനിമയിലേക്ക് സജസ്റ്റ് ചെയ്യാൻ അദ്ദേഹത്തിനും കഴിയുമായിരുന്നില്ലെന്നും അർജുൻ പറയുന്നു. അച്ഛന് അവസരങ്ങൾ കുറഞ്ഞതുകൊണ്ട് തന്നെ വീട്ടിൽ തങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിലായിരുന്നു എന്നും അതുകൊണ്ട് താൻ സിനിമ പ്രവേശനം ആഗ്രഹമായി ഉന്നയിച്ചപ്പോൾ തന്നോട് ആദ്യം എംബിഎ കോഴ്സ് എടുത്ത് ജീവിതം സെറ്റ് ചെയ്യാനാണ് അച്ഛൻ പറഞ്ഞതെന്നും അത് സുരക്ഷിതമായ ഒരു തൊഴിൽ കയ്യിലുണ്ടാവാനാണെന്നും അർജുൻ പറയുന്നു.
ഇത്തരത്തിൽ സിനിമയിൽ മുന്നോട്ടു പോകണമെങ്കിൽ സാമ്പത്തികമായി എന്തെങ്കിലും ബാക്കപ്പ് വേണമെന്ന് അച്ഛൻ ഉപദേശിച്ച സമയത്ത് അങ്ങനെയൊരു കോഴ്സ് പഠിക്കാൻ തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നും പകരം ഒരു കാർ വാഷ് സെന്റർ ആരംഭിച്ചു എന്നും താരം പറയുന്നു. സിനിമയിൽ ആഗ്രഹം ഉണ്ടെങ്കിലും എങ്ങനെ എത്തിച്ചേരണമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ആ സമയത്താണ് പറവയിലേക്ക് കൃത്യമായി നടൻ സൗബിൻ ഷാഹിർ വിളിക്കുന്നതെന്നും അർജുൻ പറയുന്നു. ഒരു പുണ്യാളനെ പോലെ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ട സൗബിൻ താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഒരു നല്ല റോൾ ഉണ്ടെന്ന് പറയുകയായിരുന്നു. ഇത് തന്റെ കരിയർ തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു എന്നും താരം പറയുന്നു.