മലയാളമടക്കമുള്ള ഇന്ത്യൻ ഫിലിം ഇൻഡസ്ട്രികൾ ഒന്നടങ്കം കാത്തിരിക്കുന്ന പടമാണ് പൃഥ്വിരാജ് മുരളി ഗോപി കൂട്ടുകെട്ടിൽ പിറക്കുന്ന എമ്പുരാൻ. ചിത്രത്തിന്റെ ടീസർ വമ്പൻ പരിപാടി സംഘടിപ്പിച്ചു ഇന്നലെ അണിയർ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ആശിർവാദ് പ്രൊഡക്ഷൻസിന്റെ ഇരുപത്തഞ്ചാം വാർഷിക ദിനത്തിൽ ആയിരുന്നു ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ ടീസർ റിലീസ് വേദിയിൽ മോഹൻലാലിനൊപ്പം മമ്മൂക്കയും നിറസാന്നിധ്യമായി ഉണ്ടായിരുന്നു. ടീസർ പ്രദർശനത്തിനുശേഷം ചിത്രത്തെക്കുറിച്ചും സംവിധായകൻ പൃഥ്വിരാജിനെക്കുറിച്ചും മോഹൻലാൽ പറഞ്ഞ രസകരമായ കാര്യങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘ഒരുപാട് സംവിധായകരുടെ കൂടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. സിനിമ മാറുകയാണ്. ആ സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ്. എന്താണോ നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതെടുക്കാൻ അദ്ദേഹത്തിനറിയാം. സിനിമയിൽ അഭിനേതാക്കൾ നന്നാകാൻ കാരണം സംവിധായകനാണ്. ഞാൻ എന്റെ സംവിധായകനെ വിശ്വസിക്കുന്നു. ഒരു നടനെന്ന രീതിയിൽ പൃഥ്വിരാജ് എന്ന സംവിധായകനിൽ വലിയ പ്രതീക്ഷയുണ്ട്. കാരണം അങ്ങനത്തെ സിനിമകളാണ് അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞത്.ഡെഡിക്കേഷൻ എന്നത് വലിയ കാര്യമാണ്. ഞങ്ങൾ ഒരുപാട് സഹിച്ചാണ് എമ്പുരാൻ ഷൂട്ട് ചെയ്തത്. പൃഥ്വിരാജ് സിനിമയ്ക്കായി നൂറ് ശതമാനം നൽകി. ദൈവത്തിന്റെ കുറച്ച് താഴെ നിൽക്കുന്നയാളാണ് എമ്പുരാൻ. ഇനി മൂന്നാമത്തെ ഭാഗത്തിന് എന്ത് പേരാനിടുകയെന്ന് എനിക്കറിയില്ല. ഏതൊരു സിനിമ തുടങ്ങുമ്പോഴും ഇത് വലിയൊരു ഹിറ്റായിരിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കും. അതേ പ്രതീക്ഷയോടെ മുന്നോട്ടുപോകുകയാണ്.’- മോഹൻലാൽ പറഞ്ഞതിങ്ങനെ.