Spread the love

ഇന്ന് അത്തം. ഇന്നേക്ക് പത്താം നാൾ തിരുവോണം. ഇനിയുള്ള 10 ദിവസം മലയാളിയുടെ മനസിലും വീട്ടുമുറ്റത്തും പൂവിളിയുടെ ആരവമുയരും. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. പതിവുകാലത്തെ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി ഓണമെത്തുന്നത്. അത്തം പിറന്നാൽ പിന്നെ നാട്ടിൻ പുറത്തെ കാഴ്ച ഇലക്കുമ്ബിളും പച്ചയോല കൊട്ടയുമായി പൂ തേടി കുട്ടികൾ അലയും . നാടൻ പൂക്കളാണ് ഏറെയും എന്നാൽ ഇന്ന് ഈ കാഴ്ച അന്യമാവുകയാണ് . കുഞ്ഞി കൈകൾ പൂ തേടുന്നത് വീട്ടുമുറ്റത്തെ ചെടികളിൽ മാത്രമാകുന്നു. പതിവ് പോലെ തുമ്ബയും മുക്കുറ്റിയും കൃഷ്ണകിരീടവും കോവിഡൊന്നുമില്ലാതെ പൂത്ത് നിൽക്കുകയാണ്

മഹാബലി ഭരിച്ചിരുന്ന സമത്വസുന്ദരമായ കാലത്തിൻറെ ഓർമ്മയിൽ മുറ്റത്ത് പൂക്കളങ്ങൾ നിറയും.ഏത് മഹാമാരിക്കാലത്തും ഇതെല്ലാമാണ് നാളേക്കുള്ള പ്രതീക്ഷ. ആശങ്കപ്പെടുത്തുന്ന കോവിഡ് രോഗം മുന്നിലുണ്ടെങ്കിലും ഇനി പത്ത് നാൾ പൂക്കളം തീർക്കുന്ന മനോഹാരിത പോലെ നല്ല നാളെയ്ക്കായുള്ള കാത്തിരിപ്പാണ്.

ഇന്ന് അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിച്ചുവേണം ഇനിയുള്ള ദിവസങ്ങൾ മലയാളി ആഘോഷിക്കേണ്ടത് .

ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്.

Leave a Reply