ആതിയയും രാഹുലും ഇംഗ്ലണ്ടിൽ ഒരുമിച്ച്? സുഹൃത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് താരങ്ങൾ
ക്രിക്കറ്റ് താരം കെ.എൽ രാഹുലും ബോളിവുഡ് നായിക ആതിയ ഷെട്ടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെ
ഇരുവരും ഒരുമിച്ച് ഇംഗ്ലണ്ടിലുണ്ടെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനൊപ്പം ആതിയയും ഉണ്ടെന്ന്
ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പോയത്.
സാമൂഹികമാധ്യമങ്ങളിൽ രാഹുലും ആതിയയും പങ്കുവച്ച ഫോട്ടോകളിൽ നിന്നാണ് മാധ്യമങ്ങൾ ഇക്കാര്യം
റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിലുള്ള ഒരു സുഹൃത്തിനൊപ്പമുള്ള ഫോട്ടോ ഇരുവരും വെവ്വേറെ ഇൻസ്റ്റഗ്രാമിൽ
പോസ്റ്റ് ചെയ്തു. ആതിയയുടെ സഹോദരൻ അഹാനും രാഹുലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു. കുടുംബാംഗങ്ങളെ
ഒപ്പം കൂട്ടാൻ ബിസിസിഐ അനുമതി നൽകിയതിനെത്തുടർന്നാണ് രാഹുൽ ആതിയയെ ഒപ്പം കൂട്ടിയതെന്നാണ്
സൂചന.
പ്രണയത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല. ആതിയയുടെ പിതാവും ബോളിവുഡ്
താരവുമായ സുനിൽ ഷെട്ടി, മകനും രാഹുലും ഒരുമിച്ചുള്ള വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ
പങ്കുവച്ചിരുന്നു. എന്നാൽ ആതിയ ഇംഗ്ലണ്ടിലാണോ എന്ന ചോദ്യത്തോട് എല്ലാം മാധ്യമവാർത്തകളാണെന്ന മറുപടിയാണ്
സുനിൽ ഷെട്ടി നൽകിയത്.