മോഹൻലാലും മഞ്ജുവാര്യരും പ്രധാനവേഷത്തിലെത്തിയ കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച നടി പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ (92) അന്തരിച്ചു.തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ്.കന്മദം,പട്ടാഭിഷേകം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു. കന്മദം എന്ന ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
മഞ്ജുവാര്യരുടെ മുത്തശ്ശിയായിരുന്നു ശാരദ നായർ വേഷമിട്ടത്.ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു ആ മുത്തശ്ശി. സിനിമയ്ക്ക് അനുയോജ്യരായ മുത്തശ്ശിമാരെ തേടിയുള്ള ലോഹിതദാസിന്റെ യാത്ര തത്തമംഗലത്താണ് അവസാനിച്ചത്.അവിടെ നിന്നാണ് ശാരദാ നേത്യാർ എന്നു പേരുള്ള ശാരദ നായർ എന്ന മുത്തശ്ശിയെ കിട്ടിയത്.അക്കാലത്ത് മുത്തശ്ശിക്കൊ കുടുംബത്തിനോ സിനിമയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ലോഹിതദാസ് ആദ്യം കഥ പറയുമ്ബോൾ അഭിനയിക്കാൻ വിസമ്മതിച്ചിരുന്നു മുത്തശ്ശി,.പിന്നീട്,ആ മോഹൻലാൽ ആണ് നായകൻ എന്നറിഞ്ഞതോടെ സമ്മതം അറിയിക്കുകയായിരുന്നു സിനിമയിൽ മോഹൻലാലിനും മഞ്ജു വാര്യർക്കും ലാലിനുമൊപ്പം മുത്തശ്ശി നിറഞ്ഞു നിന്നു.
കന്മദത്തിലെ കഥാപാത്രത്തിനായി ശാരദ നായർക്ക് ശബ്ദം നൽകിയത് അന്തരിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയാണ്.തീർത്തും വ്യത്യസ്ത ശൈലിയിലാണ് ആ ശബ്ദം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.1998ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് എ.കെ.ലോഹിതദാസാണ്.അനിൽ ബാബു ചിത്രമായ പട്ടാഭിഷേകത്തിലാണ് മറ്റൊരു ശ്രദ്ധേയ പ്രകടനം.ഗായകൻ കൗശിക് മേനോൻ ബന്ധുവാണ്.