കൊച്ചി : കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗി പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സക്ക് വേണ്ടി മെഡിക്കൽ കോളേജിലെത്തിയതായിരുന്നു ഡോയൽ.
ചികിത്സ നൽകുന്നതിനിടെ ഇയാൾ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് മെഡിക്കൽ കോളേജിലെ ഡോ. ഇർഫാൻ ഖാൻ നൽകിയ പരാതിയിലെ ആരോപണം. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്.
ആശുപത്രിയിലെത്തിയത് മുതൽ അസ്വാഭാവികമായ നിലയിലായിരുന്നു ഡോയലിന്റെ പെരുമാറ്റം. ജീവനക്കാരോട് തട്ടിക്കയറിയ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിമാറ്റി. ചികിത്സക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഇർഫാൻ എത്തിയപ്പോൾ പ്രതി ആക്രമിക്കുകയും മുഖത്തടിക്കുകയുമായിരുന്നു.
അതിന് ശേഷവും പ്രതി ആശുപത്രിക്കുള്ളിൽ ബഹളം വെച്ചു. ഇതോടെ ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.