തൊടുപുഴ∙ ഇടുക്കി കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച കേസിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കുമളി പൊലീസ് കേസെടുത്തു. അമരാവതി ലോക്കൽ സെക്രട്ടറി രാജൻ, ഡിവൈഎഫ്ഐ നേതാവ് നിഖിൽ, കണ്ടാലറിയാവുന്ന നാലു ഡിവൈഎഫ്ഐ പ്രവർത്തകർ എന്നിവർക്കെതിരായാണ് കേസ്. സംഘം ചേർന്ന് ആക്രമിച്ചതുൾപ്പെടെയുള്ള വിവിധ വകുപ്പുകളും ചേർത്തിട്ടുണ്ട്.
ആക്രമണത്തിൽ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജോബിൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സിപിഎം നേതാവിനെതിരെ ഫെയ്സ്ബുക്കിൽ മോശം കമന്റ് ഇട്ടെന്ന് പറഞ്ഞാണ് അമരാവതി സ്വദേശിയായ ജോബിൻ ചാക്കോയെ (36) ആക്രമിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെ ജീപ്പിലെത്തിയ സംഘം ജോബിന്റെ രണ്ട് കാലും തല്ലിയൊടിക്കുകയും കാലിൽ വെട്ടുകയുമായിരുന്നു. ഫെയ്സ്ബുക്കിൽ കമന്റ് ഇട്ടതിൽ ജോബിനെതിരെ സിപിഎം കുമളി ലോക്കൽ കമ്മിറ്റി ഇന്നലെ പൊലീസിൽ പരാതി കൊടുത്തിരുന്നു.