കല്യാണി പ്രിയദർശനും നസ്‌ലിനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളിയിൽ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സംഘം ഷൂട്ടിംഗ് ലൊക്കേഷനിൽ പോകുന്ന വഴിയാണ് കാട്ടാന ആക്രമിച്ചത്.
കാറിന്റെ ഡോർ കുത്തിക്കീറിയ നിലയിലാണ്. കണ്ണംകുഴി സ്വദേശി അനിലിന്റെ കാറാണ് കാട്ടാന തകർത്തത്. ഷൂട്ടിംഗിനായി ആളുകളുമായി അനിൽ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു. അതിരപ്പിള്ളിയിലെ കണ്ണംകുഴി ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാഹനം കണ്ടതോടെ കാട്ടാന റോഡിന് നടുവിൽ നിലയുറപ്പിച്ചിരുന്നു. പിന്നാലെ വാഹനം നീങ്ങിയതോടെ സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാട്ടാന ഇപ്പോഴും പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം റോഡിലിറങ്ങി വാഹനം ആക്രമിച്ചിരുന്നു.