
പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം അട്ടപ്പാടിയില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി.
കോടതിയില്‍ സെക്ഷന്‍ 164 പ്രകാരം രഹസ്യമൊഴി നല്‍കിയ ഒടുവിലത്തെ സാക്ഷി ജോളിയാണ് കൂറുമാറിയത്. കേസില്‍ 17ാം സാക്ഷിയായിരുന്നു ജോളി. രഹസ്യമൊഴി പൊലീസുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നല്‍കിയതാണെന്ന് ജോളി മൊഴി തിരുത്തി. ഇതോടെ കേസില്‍ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ഏഴായി.
പത്തു മുതല്‍ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതില്‍ ആറു പേര്‍ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസില്‍ ആകെ 122 സാക്ഷികളാണ് ഉളളത്. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെയും 17ാം സാക്ഷി ജോളിയെയുമാണ് ഇന്ന് വിസ്തരിച്ചത്.
മധുവിനെ പ്രതികള്‍ മര്‍ദിക്കുന്നത് കണ്ടെന്ന നിര്‍ണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അദ്ദേഹം മൊഴിയില്‍ ഉറച്ചു നിന്നു. രഹസ്യ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് വിസ്താരത്തിനിടെ ആവര്‍ത്തിച്ചതിന്റെ ആശ്വാസത്തിലായിരുന്നു പ്രോസിക്യൂഷന്‍. എന്നാല്‍ ജോളി മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. പ്രതികള്‍ മധുവിനെ പിടിക്കാന്‍ മലയിലേക്ക് പോകുന്നത് കണ്ടെന്നായിരുന്നു ജോളിയുടെ രഹസ്യമൊഴി.
കേസില്‍ സാക്ഷികളായിരുന്ന വനം വകുപ്പ് വാച്ചര്‍മാരെ മൊഴി മാറ്റിയതിനാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. പന്ത്രണ്ടാം സാക്ഷി അനില്‍കുമാര്‍, പതിനാറാം സാക്ഷി അബ്ദുല്‍ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷികളില്‍ ഇനിയും വനം വകുപ്പ് വാച്ചര്‍മാരുണ്ട്. ഇവര്‍ക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വകുപ്പ് നടപടി.
താത്കാലിക വാച്ചര്‍മാരെ പിരിച്ചുവിട്ടത് മൊഴിമറ്റിയതിനാലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാര്‍ ശമ്ബളം വാങ്ങിയാണ് രഹസ്യമൊഴി തിരുത്തിയത്. സാക്ഷിപ്പട്ടികയിലുള്ളവരെ പ്രതികള്‍ സ്വാധീനിക്കാനുള്ള ശ്രമം മുന്നില്‍ കണ്ടാണ് നടപടിയെന്ന് വനം വകുപ്പ് അട്ടപ്പാടി റേഞ്ച് ഓഫീസര്‍ സി സുമേഷ് പറഞ്ഞിരുന്നു.