സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിൽ വിശ്വാസമില്ലെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും മല്ലി പറഞ്ഞു. കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറുകയും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാധ്യത നിലനിൽക്കുകയും ചെയ്യുന്നു. മധുവിനെ മർദിക്കുന്നത് കണ്ടു എന്ന് മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകി പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസു കഴിഞ്ഞ ദിവസം മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി പറഞ്ഞു. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു.