
മാനന്തവാടി ∙ കർഷകനെ വീട്ടിലേക്കു പിന്തുടർന്നെത്തി ചവിട്ടിക്കൊന്ന മോഴയാന ബേലൂർ മഖ്നയെ പിടിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം നാലാം ദിവസത്തിലേക്ക്. മൂന്നു ദിവസവും ആനയുടെ തൊട്ടടുത്തു വരെ ദൗത്യസംഘത്തിന് എത്താനായെങ്കിലും, മയക്കുവെടി വയ്ക്കാനും പിടികൂടാനും സാധിക്കാതെ പോയ സാഹചര്യത്തിലാണ് ദൗത്യം നാലാം ദിവസത്തിലേക്കു നീണ്ടത്.
മൂന്നാം ദിനമായിരുന്ന ഇന്നലെയും ഡ്രോൺ ദൃശ്യങ്ങളിൽ ആനയുടെ സാന്നിധ്യം വ്യക്തമായെങ്കിലും മയക്കുവെടി വയ്ക്കാനുള്ള അനുകൂല സാഹചര്യം ലഭിച്ചില്ല. ബേലൂർ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാനയുള്ളതായും വ്യക്തമായി. കാടിന്റെ ഭൂപ്രകൃതിയും മോഴയാനയുടെ ആക്രമണത്വരയുമെല്ലാം ദൗത്യത്തെ പ്രതിസന്ധിയിലാക്കുകയാണ് .
ഇരുമ്പുപാലം കോളനിക്കും മണ്ണുണ്ടി കോളനിക്കും ഇടയിലായി ആനയുടെ 20 മീറ്റർ സമീപത്തു വരെ ദൗത്യ സംഘം ഇന്നലെ എത്തിയിരുന്നു.
4 കുങ്കിയാനകളും 7 ദ്രുതകർമ സംഘങ്ങളും ഉൾപ്പെടെ 200 വനം വകുപ്പ് ജീവനക്കാർ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ, ചേലൂർ, ബാവലി വാർഡുകളിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.