നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപുമാണ്. മൂന്നാം പ്രതി ദിലീപിന്‍റെ ഭാര്യാസഹോദരനായ സുരാജ്. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാൾ എന്നിങ്ങനെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ദിലീപിനെയും കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന് വിളിക്കപ്പെടുന്ന സുനിൽ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. തുടരന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 20-ന് നല്‍കാനാണ് വിചാരണക്കോടതി ആവശ്യപ്പെട്ടത്. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ ആറ് മാസം കൂടി നീട്ടണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.