ഏറ്റുമാനൂർ : ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മമ്മിളിത്തൊടിയിൽ വിഷ്ണു വിശ്വനാഥിനെ(27)യാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ബുധനാഴ്ച വൈകുന്നേരം 6നു കോട്ടമുറി ഭാഗത്തുള്ള ഷാപ്പിൽ എത്തുകയും കള്ള് തരാൻ വൈകി എന്നു പറഞ്ഞു ജീവനക്കാരനെ അസഭ്യം പറയുകയും തുടർന്നു കള്ളുകുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇതിനു ശേഷം ഷാപ്പിലെ അലമാരയും കുപ്പികളും അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ഷാപ്പിനു മുൻവശം മീൻ കച്ചവടം നടത്താനിരുന്നതിനെ ഷാപ്പിലെ മാനേജർ എതിർത്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ജീവനക്കാരനെ ആക്രമിച്ച്, ഷാപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.
പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ വിഷ്ണുവിനെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐമാരായ ജോസഫ് ജോർജ്, ജയപ്രകാശ്, എഎസ്ഐ ഗിരീഷ്, സിപിഒ നിധിൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് കുറവിലങ്ങാട്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കി.