
പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രമിലൂടെ പരിചയപ്പെട്ട 16 കാരിയെ വീട്ടില്‍ നിന്നും കാസര്‍കോട് ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍ സബീറിനെ (25) യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി കാസര്‍കോട് അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടില്‍ അബ്ദുള്‍ നാസിര്‍ (24), മൂന്നാംപ്രതി പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ്(19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 27 നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു മൂവരും. ഇവര്‍ ഇന്‍സ്റ്റഗ്രമിലൂടെയാണ് പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.
സംഭവ ദിവസം പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും അബ്ദുള്‍ നാസിറിന്റെ നിര്‍ദേശപ്രകാരം സബീറും മുഹമ്മദ് അനസും വിളിച്ചിറക്കി സബീറിന്റെ കാറില്‍ നീലേശ്വരത്തേക്ക് കൊണ്ടുപോയി. അവിടെ കാത്തുനിന്നിരുന്ന അബ്ദുള്‍ നാസിറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോവുകയും കാറില്‍വെച്ച് അബ്ദുള്‍ നാസിര്‍ പെണ്‍കുട്ടിയോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്തു. സെപ്തംബര്‍ 21 നും പെണ്‍കുട്ടിയുമായി ഇവര്‍ യാത്ര നടത്തി. പിന്നീട് പെണ്‍കുട്ടിയെ വശീകരിച്ച് നഗ്നചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ അയപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പോലീസ് ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഈ മാസം അഞ്ചിന് ഒന്നാം പ്രതിയെ കാസര്‍കോട് നീലേശ്വരത്തുനിന്നും മൂന്നാം പ്രതിയെ പോരൂരില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയായ സബീറിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.