പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമം; മന്ത്രി എ കെ ശശീന്ദ്രനെതിരെ ആക്ഷേപം, ഓഡിയോ പുറത്ത്
തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനെതിരെ ആക്ഷേപം. എൻസിപി നേതാവിനെതിരെ യുവതി നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചു എന്നാണ് ആരോപണം. പരാതിക്കാരിയുടെ പിതാവായ എൻസിപി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നു. പാർട്ടിയിലെ തർക്കങ്ങളെ തുടർന്നുള്ള വ്യാജ പരാതിയാണ് ഇതെന്നും പാർട്ടിയിലെ പ്രശ്നം എന്ന നിലയിൽ മാത്രമാണ് മന്ത്രി ഇടപെട്ടതെന്നും എൻസിപി നേതാക്കൾ പറയുന്നു.
സംഭവം വിവാദമായത്തോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. പരാതിക്കാരിയുടെ അച്ഛൻ തന്‍റെ പാർട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാർട്ടിയിലെ പ്രശ്നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞത്. അതിന്റെ മറ്റ് കാര്യങ്ങൾ അറിയില്ല. സംസാരം അവസാനിക്കുന്നതിനാണ് പ്രയാസം ഇല്ലാത്ത രീതിയില്‍ അവസാനിപ്പിക്കണം എന്ന് പറഞ്ഞെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ആ സംസാരത്തോടെ ആ വിഷയം വിട്ടെന്നും മന്ത്രി പറയുന്നു. യുഡിഎഫിന് അന്വേഷിക്കാം വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.