കൊല്ലം : അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്നു യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളായ രൺദീർ തിവാരി (36), സതേന്ദ്രകുമാർ (35), ജയ്‌വിഷ്ണു റാം (39) എന്നിവരാണു കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്കു 11.45നു പ്രതികൾ സുഹൃത്തായ ഓംപ്രകാശിനൊപ്പം മദ്യപിക്കുന്നതിനിടയിൽ ഇയാളുടെ സഹോദരിയെ പറ്റി മോശം പരാമർശം നടത്തി. ഇത് ചോദ്യം ചെയ്ത ഓംപ്രകാശിനെ പ്രതികൾ ചേർന്നു മർദിച്ച് അവശനാക്കുകയായിരുന്നു. തലയിലും ദേഹത്തും മാരകമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസിയായ യുവാവിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത കിളികൊല്ലൂർ പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.