ഹോം ക്വാറന്റീനിലും ശ്രദ്ധവേണം;നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്.
തിരുവനന്തപുരം : അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം ചുറ്റുപാടും ഉള്ളതിനാൽ ഹോം ക്വാറന്റീനിൽ കഴിയുന്നവരും വീട്ടുകാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വീട്ടിലെ ഒരു മുറിയിൽ തന്നെ കഴിയുന്നതാണു ഹോം ക്വാറന്റീൻ.
കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റു രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്കാണു ഹോം ക്വാറന്റീൻ അനുവദിക്കുന്നത്. ഇവർ ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലായിരിക്കും. ഒരു കാരണവശാലും വീട്ടിലുള്ള മറ്റുള്ളവരുമായി ഇവർ ഇടപഴകരുത്. ഗുരുതരാവസ്ഥ വന്നാൽ ആശുപത്രികളിൽ എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങൾ ഉണ്ടെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹോം ക്വാറന്റീനു സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർ സെന്ററുകൾ ലഭ്യമാണ്.
ഹോം ക്വാറന്റീനായി ശുചിമുറിയോടു കൂടിയതും വായു സഞ്ചാരമുള്ളതുമായ മുറി തിരഞ്ഞെടുക്കുക. എസി വേണ്ട. സന്ദർശകരെ അനുവദിക്കരുത്. മുറിക്കു പുറത്തിറങ്ങരുത്. ഇറങ്ങേണ്ടി വന്നാൽ സ്പർശിച്ച പ്രതലങ്ങൾ അണുമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും ഡബിൾ മാസ്‌കും രോഗീപരിചണം നടത്തുന്നവർ എൻ 95 മാസ്‌കും ഉപയോഗിക്കണം.
ഒപ്പം ആഹാര സാധനങ്ങൾ, ടിവി റിമോട്ട്, ഫോൺ മുതലായവ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും സ്വയം കഴുകുന്നതാണു നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങൾ, മേശ, കസേര, ബാത്ത്‌റൂം മുതലായവ ബ്ലീച്ചിങ് ലായനി (1 ലീറ്റർ വെള്ളത്തിൽ 3 ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ) ഉപയോഗിച്ച് വൃത്തിയാക്കണം.
കൂടാതെ സ്വയം നിരീക്ഷിക്കണവും അത്യാവശ്യമാണ്.ദിവസവും സ്വയം നിരീക്ഷിക്കണം. പൾസ് ഓക്‌സി മീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റു രോഗ ലക്ഷണങ്ങളും ദിവസവും കുറിച്ചു വയ്ക്കുക. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണു രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്. സാധാരണ ഗതിയിൽ, ഇത് 96 നു മുകളിലായിരിക്കും. 94 ൽ കുറഞ്ഞാലും നാഡിമിടിപ്പ് 90 നു മുകളിലായാലും ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. 6 മിനിറ്റ് നടന്ന ശേഷം ഓക്‌സിജന്റെ അളവു നേരത്തേയുള്ളതിൽ നിന്നു 3 ശതമാനമെങ്കിലും കുറഞ്ഞാലും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. തണുത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കുക. ചെറു ചൂടുള്ള വെള്ളം ഉപയോഗിച്ചു പലതവണ തൊണ്ട ഗാർഗിൾ ചെയ്യാം. 8 മണിക്കൂറെങ്കിലും ഉറങ്ങുക.
ശ്വാസം മുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിത ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കിൽ മോഹാലസ്യം തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറിൽ ഓക്‌സിജൻ കാര്യമായി എത്താത്തതാകാം കാരണം. ആരോഗ്യ പ്രവർത്തകരെയോ ദിശയിലോ (104, 1056 ) ഉടൻ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മാർഗ്ഗരേഖയിൽ പറയുന്നു.