Spread the love
ആറ്റുകാൽ പൊങ്കാല ഉത്സവം;
ജില്ലാഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേർക്ക് ക്ഷേത്രദർശനത്തിന് അനുവദിക്കുന്നതാണ്. ക്ഷേത്രാതിർത്തിയോട് ചേർന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങൾ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല.

ക്ഷേത്രത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. ദർശനത്തിന് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണങ്ങൾ ഇല്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. വോളണ്ടിയർമാർക്കും നിർദേശം ബാധകമാണ്.

രോഗലക്ഷണമുള്ളവർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കില്ല. ക്ഷേത്രത്തിനുള്ളിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സംഘാടകർ ഉറപ്പുവരുത്തണം.

സാമൂഹിക അകലം പാലിക്കുന്നതിന്, കൃത്യമായ അകലം നിശ്ചയിച്ച് വൃത്താകൃതിയിൽ നിലത്ത് അടയാളപ്പെടുത്തണം. ഭക്തജനങ്ങൾ ഈ അടയാളങ്ങളിൽ മാത്രം നിൽക്കുന്നതിന് സംഘാടകർ നിർദേശം നൽകണം. ക്യൂ, ബാരിക്കേഡുകൾ എന്നീ സംവിധാനങ്ങളിലൂടെ പോലീസും സംഘാടകരും ആൾക്കൂട്ടം നിയന്ത്രിക്കണം. ആചാരപ്രകാരമല്ലാത്ത പരിപാടികൾ അനുവദിക്കില്ല.

ക്ഷേത്രദർശനത്തിനെത്തുന്നവർ മുഴുവൻ സമയവും കോവിഡ് പ്രോട്ടോക്കോൾ(മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം) പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Leave a Reply