Spread the love

തിരുവനന്തപുരം : നവകേരള സദസ്സിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കാൻ പ്രഥമാധ്യാപകർക്കു നിർദേശം. അടുത്ത മാസം 21ന് നവകേരള സദസ്സ് നടക്കാനിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിലെ വിദ്യാലയങ്ങളിലാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കാൻ ചിറയിൻകീഴ് താലൂക്ക് ഓഫിസിൽ നിന്നു നിർദേശിച്ചത്.
ഈ മണ്ഡലങ്ങളിലെ നവകേരള സദസ്സ് ജോയിന്റ് കൺവീനറാണ് ഉത്തരവ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് അയച്ചത്. അവർ ഉത്തരവ് പ്രഥമാധ്യാപകർക്കു കൈമാറി. ചിറയിൻകീഴ് മണ്ഡലത്തിലെ എല്ലാ ഓഫിസുകൾക്കു മുന്നിലും ഫ്ലെക്സ് ബോർഡ് സ്ഥാപിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

വിദ്യാലയങ്ങൾക്കു മുന്നിൽ സ്ഥാപിക്കേണ്ട ഫ്ലെക്സ് ബോർഡുകളുടെ മാതൃകയും പ്രഥമാധ്യാപകർക്ക് ഇമെയിൽ വഴി നൽകിയിട്ടുണ്ട്. ചിറയിൻകീഴ് മണ്ഡലത്തിലെ ഫ്ലെക്സ് ബോർഡിൽ മുഖ്യമന്ത്രിയുടെയും വി.ശശി എംഎൽഎയുടെയും ചിത്രങ്ങൾ വലുതായും മന്ത്രിമാരുടെ ചിത്രങ്ങൾ ചെറുതായും നൽകാനാണു നിർദേശം. ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള തുക സ്കൂൾ ഫണ്ടിൽ നിന്നു പ്രഥമാധ്യാപകർ കണ്ടെത്തേണ്ടി വരും.

Leave a Reply