Spread the love

മുഴുവന്‍സമയ രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന്‌ പ്രഖ്യാപിച്ച വിജയ്‌യുടെ അവസാനചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകന്‍’ ഓഡിയോ ലോഞ്ച് തീയതി പുറത്തുവിട്ടു. ഡിസംബര്‍ 27-നാണ് ഓഡിയോ ലോഞ്ച്. മലേഷ്യയിലെ ക്വലാലംപുര്‍ ബുകിറ്റ് ജലില്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക.അവസാനത്തേതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമായിട്ടുകൂടി തമിഴ്‌നാട്ടില്‍ എവിടേയുമല്ല പരിപാടി നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിജയ് ആരാധകര്‍ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിപാടി അനൗണ്‍സ് ചെയ്തുകൊണ്ട് നിര്‍മാതാക്കള്‍ കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

വിജയ്‌യുടെ സിനിമാജീവിതത്തിലെ നിര്‍ണായക ചിത്രങ്ങളായ ഖുശി, ഗില്ലി, പോക്കിരി, വേട്ടൈക്കാരന്‍, തുപ്പാക്കി, തെരി, മെര്‍സല്‍, ബിഗില്‍, മാസ്റ്റര്‍, ലിയോ എന്നിവ പ്രതിപാദിക്കുന്നതാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് പുറത്തുവിട്ട വീഡിയോ. തങ്ങള്‍ക്ക് ആരായിരുന്നു വിജയ് എന്ന് മലേഷ്യയിലെ ആരാധകര്‍ തങ്ങളുടെ അനുഭവങ്ങളും വീഡിയോയില്‍ പങ്കുവെക്കുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്ത് കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ, തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.

Leave a Reply