ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് നാളെ മുതൽ നിയന്ത്രണം.
ന്യൂഡൽഹി : പ്രതിവർഷമോ പ്രതിമാസമോ വരുന്ന പേയ്മെന്റുകൾ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ നിന്ന് തനിയെ ഈടാക്കുന്ന ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ ഇത്തരം പണമിടപാടുകളിൽ തടസ്സം നേരിടും. ഓട്ടോ–ഡെബിറ്റ് അല്ലാത്ത സാധാരണ പേയ്മെന്റുകളെ ഇത് ബാധിക്കില്ല.
ഫോൺ, ഡിടിഎച്ച് ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷൻ തുടങ്ങിയ വിവിധ പേയ്മെന്റുകൾ ഇനി മുതൽ എല്ലാ മാസവും കാർഡ് ഉടമയുടെ അനുമതിയോടെയേ പൂർത്തിയാകൂ. എന്നാൽ, ഇതിനായി റിസർവ് ബാങ്ക് നിർദേശിച്ച സാങ്കേതികവിദ്യ പല ബാങ്കുകളും നടപ്പാക്കിയിട്ടില്ലാത്തതിനാൽ നാളെ മുതൽ ഓട്ടോ ഡെബിറ്റ് പേയ്മെന്റുകൾ മുടങ്ങും.
ഉപയോക്താക്കൾ അതതു സൈറ്റുകളിൽ പോയി പേയ്മെന്റുകൾ പൂർത്തിയാക്കേണ്ടിവരും. ഇതുസംബന്ധിച്ച അറിയിപ്പ് എസ്ബിഐ അടക്കം നൽകിക്കഴിഞ്ഞു. ബാങ്കുകൾക്കു പുറമേ പേയ്മെന്റ് സ്വീകരിക്കേണ്ട കമ്പനികളും മാറ്റങ്ങൾ വരുത്തണമെന്നതിനാൽ മിക്ക ഓട്ടോ–ഡെബിറ്റ് സേവനങ്ങൾക്കും തടസ്സം നേരിടും. ഓട്ടോ–ഡെബിറ്റ് പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നാണു ബാങ്കുകളുടെ വാദം.
പ്രതിമാസ, പ്രതിവർഷ പേയ്മെന്റുകൾക്കായി കാർഡുടമകൾ നൽകുന്ന അനുമതി പ്രകാരം കൃത്യമായ ഇടവേളകളിൽ ബാങ്ക് പണം ഈടാക്കുന്ന രീതിയാണ് ഓട്ടോ ഡെബിറ്റ് അഥവാ സ്റ്റാൻഡിങ് ഇൻസ്ട്രക്‌ഷൻ. കാർഡുടമ പേയ്മെന്റ് തീയതി ഓർമിച്ചുവയ്ക്കേണ്ട എന്നതാണു മെച്ചം. പുതിയ നിയന്ത്രണത്തിലൂടെ ആവർത്തിച്ചുള്ള പണമിടപാടുകളുടെ പൂർണനിയന്ത്രണം ഉപയോക്താവിനു ലഭിക്കും.ഓട്ടോ ഡെബിറ്റ് വേണ്ടവർക്ക് പ്രത്യേക റജിസ്ട്രേഷൻ. എല്ലാ മാസവും ഒരേ തുക തന്നെ അടയ്ക്കേണ്ട പ്ലാറ്റ്ഫോമുകൾക്ക് (ഉദാ: ഒടിടി) ‘ഫിക്സ്ഡ് ഇ–മാൻഡേറ്റും’ ഓരോ മാസവും വ്യത്യസ്തമായ തുകകൾ വരുന്നവർക്ക് ‘വേരിബിൾ ഇ–മാൻഡേറ്റു’മാണുള്ളത് (ഉദാ: വൈദ്യുതി ബിൽ). വേരിയബിൾ ഇ–മാൻഡേറ്റ് അനുസരിച്ച് ഒരു തവണ പിൻവലിക്കാവുന്ന തുകയുടെ പരിധി കാർഡ് ഉടമയ്ക്കു നിശ്ചയിക്കാം.
5,000 രൂപയ്ക്കു താഴെയുള്ള ഇടപാടുകൾക്ക് 24 മണിക്കൂർ മുൻപ് അനുമതി ചോദിച്ച് പ്രീ–ട്രാൻസാക‍്ഷൻ നോട്ടിഫിക്കേഷൻ ലഭിക്കും. ഇത് തുറന്ന് അംഗീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. 5,000 രൂപയ്ക്കു മുകളിലെങ്കിൽ ഒടിപി രൂപത്തിലുള്ള അഡീഷനൽ ഫാക്ടർ ഓഫ് ഓഥന്റിക്കേഷൻ (എഎഫ്എ) നൽകിയാലോ ഇടപാട് നടക്കൂ. 5,000 രൂപയ്ക്കു താഴെയും എന്നാൽ നമ്മൾ വച്ച പരിധിയുടെ മുകളിലുമാണ് തുകയെങ്കിലും എഎഫ്എ ആവശ്യമാണ്.
ബാങ്ക് പുതിയ സാങ്കേതികസംവിധാനത്തിലേക്കു മാറാതിരിക്കുകയോ കാർഡ് ഉടമ ഇ–മാൻഡേറ്റ് റജിസ്ട്രേഷൻ നടത്താതിരിക്കുകയോ പ്രീ–ട്രാൻസാക്‌ഷൻ റിക്വസ്റ്റ് അംഗീകരിക്കുകയോ ചെയ്യാതിരുന്നാൽ പേയ്മെന്റ് തടസ്സപ്പെടാം. കാർഡുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലെ എസ്എംഎസും ഇമെയിലും കൃത്യമായി നോക്കുക. പേയ്മെന്റ് മുടങ്ങിയാൽ സ്വന്തമായി അതത് സേവനങ്ങളുടെ വെബ്സൈറ്റിലോ ആപ്പിലോ പോയി പണമടയ്ക്കുക. എന്നാൽ ഓട്ടോ ഡെബിറ്റ് എല്ലാം മുടങ്ങില്ല.കാർഡുകൾ വഴിയുള്ള ഓട്ടോ ഡെബിറ്റ് സംവിധാനത്തിനാണു നിയന്ത്രണങ്ങൾ. ബാങ്ക് അക്കൗണ്ടിൽ നിന്നു തനിയെ പണം ഈടാക്കുന്ന രീതിക്കു തടസ്സമുണ്ടാകില്ല.