പത്തനംതിട്ട : അഴൂർ ജംക്‌ഷനു സമീപം ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു മറിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 3 പേർക്കു പരുക്ക്. ഓട്ടോ ഡ്രൈവർ ജോൺസൺ, യാത്രക്കാരായ വി.കോട്ടയം കൈതക്കര കലുകുംവാതുക്കൽ അനിൽ, (55) ഭാര്യ സ്മിത (45) എന്നിവരെ പരുക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
താഴൂർക്കടവ്, പ്രമാടം റോഡുകൾ സംഗമിക്കുന്ന ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 2.10ന് ആയിരുന്നു അപകടം. നഗരത്തിൽ നിന്ന് അമിതവേഗത്തിൽ വന്ന ഓട്ടോ എതിരെ വന്ന ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്മിതയുടെ കാൽ ഓടിഞ്ഞു പ്ലാസ്റ്റർ ഇട്ടിരിക്കുകയായിരുന്നു. കോന്നി മെഡിക്കൽ കോളജിൽ എത്തി ഡോക്ടറെ കണ്ട ശേഷം പത്തനംതിട്ടയിലെ ബാങ്കിലും കയറി കൈതക്കരയിലെ വീട്ടിലേക്കു പോകുകയായിരുന്നു അനിലും ഭാര്യ സ്മിതയും.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ അമിത വേഗത്തിൽ വന്ന മറ്റൊരു ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ 15 അടി താഴ്ചയുള്ള കൊറ്റൻതോട്ടിലേക്ക് മറിഞ്ഞു വെള്ളം ഒഴുകുന്ന തോടാണിത്. അഗ്നിരക്ഷാസേന എത്തിയാണു പരുക്കേറ്റവരെ രക്ഷിച്ചത്. വടം കെട്ടി സേനാംഗങ്ങൾ തോട്ടിൽ ഇറങ്ങി വലയ്ക്കുള്ളിലാക്കി വലിച്ചു കയറ്റുകയായിരുന്നു. സ്മിതയുടെ കാൽ പ്ലാസ്റ്റർ ഇട്ടിരുന്നതിനാൽ വലയ്ക്കുള്ളിലാക്കാനും വലിച്ചു കയറ്റാനും ഏറെ പണിപ്പെട്ടു.