Spread the love
Auto-taxi strike in the state on December 30

സംസ്ഥാനത്തെ ഓട്ടോ- ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്. ഡിസംബർ 30 ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ അറിയിച്ചു. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യം ഉയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്.

അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും ഇന്ധനവില വർധനയുടേയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. അതിനാൽ ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയർത്തിയിട്ടില്ല.

അതേ സമയം ബസ് ഉടമകളും നിരക്ക് ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. എന്നാലിക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ബസ് ഉടമകൾ സമര പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം മാറ്റിവെച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഉയർത്തണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വെക്കുന്നു.

Leave a Reply