Spread the love

ഓരോ മാസത്തെയും ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്ന നിർമ്മാതാക്കളുടെ സംഘടനയുടെ നടപടിക്കെതിരെ കഴിഞ്ഞ ദിവസമാണ് നിർമ്മാതാവ് സന്തോഷ്ടി കുരുവിള രംഗത്തെത്തിയത്. സ്റ്റേറ്റ് അനുവദിച്ച് ഏൽപ്പിച്ചിട്ടുള്ള അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂട്ട് ചെയ്തിട്ടുള്ള ഒരു ബോഡിയാണ് ഈ കണക്കുകൾ പുറത്തുവിടുന്നത് എങ്കിൽ മനസ്സിലാക്കാം എന്നും എന്നാൽ നിർമ്മാതാക്കളുടെ സംഘടനയുടെ ഈ പ്രവർത്തി ഒറ്റവാക്കിൽ ഒന്നാന്തരം ‘ഏഭ്യത്തരം’ എന്നാണ് സന്തോഷ കുരുവിള വിമർശിച്ചത്. ഈ രംഗത്തേയ്ക്കു എത്തുന്ന പുതിയ ചിന്താഗതികളുള്ള സംരംഭകരെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമാണ് ഇതിന്റ ഏക ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ സന്തോഷ് ടി കുരുവിളയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാബുരാജും.’സന്തോഷ് ടി കുരുവിളയെ ഞാൻ പിന്തുണയ്ക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ്ടി കുരുവിളയുടെ പോസ്റ്റ് നടൻ പങ്കുവച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

” വെയ് രാജാ വെയ് “ഒന്നു വെച്ചാൽ രണ്ട് രണ്ട് വെച്ചാൽ നാല് നാല് വെച്ചാൽ പതിനാറ്”

ഇങ്ങനെയൊക്കെ കിട്ടണമെങ്കിൽ നിങ്ങൾ മുച്ചീട്ടുകളിയ്ക്കോ മറ്റ് വല്ല ചൂതാട്ടങ്ങൾക്കോ പോവണം, സിനിമാ നിർമ്മാണത്തിനും ഇതര സിനിമാ അനുബന്ധ ബിസിനസുകൾക്കും ഇറങ്ങി തിരിയ്ക്കരുത് എന്നാണ് സിനിമാ വ്യവസായത്തിലേയ്ക്ക് ഇറങ്ങിത്തിരിയ്ക്കാൻ വരുന്നവരോട് ഒന്നര ദശകത്തിലധികമായ് ഈ രംഗത്ത് നിക്ഷേപം നടത്തുന്ന ഒരു വ്യവസായി എന്ന നിലയിൽ എനിയ്ക്ക് പറയുവാനുള്ളത്!

മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസവലോകന റിപ്പോർട്ടുകൾ അതും വളരെ കോൺഫിഡൻഷ്യൽ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തിട്ട് അലക്കാൻ ഇവരെയൊക്കെ ആര് എൽപ്പിച്ചു എന്നറിയില്ല

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒന്നാന്തരം”ഏഭ്യത്തരം”

സ്റ്റേറ്റ് അനുവദിച്ച് ഏൽപ്പിച്ചിട്ടുള്ള അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂട്ട് ചെയ്തിട്ടുള്ള ഒരു ബോഡിയാണ് ഈ കണക്കുകൾ പുറത്ത് വിടുന്നത് എങ്കിൽ അത് മനസ്സിലാക്കാം, ഈ മേഖലയെ കുറിച്ച് തെറ്റായ ധാരണകൾ പരത്തുകയും സ്വന്തം ഉടലിലേയ്ക്ക് തന്നെ മാലിന്യം ഇടുകയും ചെയ്യുന്ന ഈ കുത്സിത പ്രവർത്തി അടിയന്തിരമായ് ബന്ധപ്പെട്ടവർ അവസാനിപ്പിയ്ക്കണം എന്നാണ് എനിയ്ക്ക് അഭ്യർത്ഥിയ്ക്കാനുള്ളത്.

പൊതുജനങ്ങളോടായ് പറയുവാനുള്ളത് ഇത്രയുമേ ഉള്ളു, സിനിമാ വ്യവസായം വളരെയധികം ക്ഷമയോടെയും അവധാനതയോടെയും ചെയ്യേണ്ട ഒന്നാണ്, കേവലമായ ” ഹൈ റിട്ടേൺസ് ” ഓൺ ഇൻവെസ്റ്റ്മെന്റ് “മാത്രമല്ല സിനിമാ നിർമ്മാണത്തിന്റെ ആത്യന്തിക ലക്ഷ്യം, ഞാൻ തന്നെ ഈ കാലഘട്ടങ്ങളിൽ നിർമ്മിച്ചുള്ള ചില ചിത്രങ്ങൾ വൻ വിജയങ്ങൾ തന്നിട്ടുണ്ട്, ശരാശരി വിജയം, ബ്രേക്ക് ഈവൻ മാത്രമായവ, സാമ്പത്തിക നേട്ടം ഒട്ടും തരാത്തത്, നഷ്ടം ഉണ്ടാക്കിയത് അങ്ങിനെ മിക്സ്ഡ് ആണ് ഈ രംഗത്തെ പ്രോഫിറ്റ് പൊട്ടൻഷ്യൽ!

വീണ്ടും പറയട്ടെ വിനോദ വ്യവസായത്തിൽ ഇറക്കുന്ന നിക്ഷേപങ്ങൾ ” ഷോർട്ട് ടേം ഗോളോട് കൂടിയ ഒന്നല്ല അതിന് വളരെ വലിയ ” ലോങ്ങ് ടേം ഗോളുകൾ ഉണ്ട്, ഈ എന്റർടെയിൻമെൻസ് ഇൻഡസ്ട്രി മനുഷ്യ രാശി ഉള്ളിടത്തോളം കാലം ഇവിടെയുണ്ടാവും, വരുന്ന പ്രൊഡക്ടുകൾക്കും കണ്ടന്റുകൾക്കും സ്വഭാവത്തിൽ വ്യത്യാസം ഉണ്ടാവും. പക്ഷെ അത് തുടരുക തന്നെ ചെയ്യും, നിങ്ങൾക്ക് ഈ രംഗത്ത് ഒരു ബ്രാൻഡ് ബിൽഡ് ചെയ്യണോ? ഈ വ്യവസായത്തെ ഗൗരവതരമായ് സമീപിയ്ക്കുക, മാറ്റങ്ങളെ ഉൾക്കൊള്ളുക എന്നത് മാത്രമാണ്, ചുറ്റും കണ്ണോടിച്ചാൽ അല്ലെങ്കിൽ ഒരോരുത്തരും ആസ്വദിയ്ക്കുന്ന ഷോപ്പിംഗ് അനുഭവങ്ങൾ അല്ലെങ്കിൽ കണ്ടന്റുകളുടെ ഒരു സാഗരം നമ്മുടെ മുൻപിലുണ്ടായത് പുതിയ നിക്ഷേപം കൊണ്ടും ആശയങ്ങൾ കൊണ്ടുമാണ്.

അവിടെയാണ് ” മാമനും മരുമോനും ” കൂടി ഈരിഴ തോർത്തിൽ പരൽമീനെ പിടിയ്ക്കുന്ന കളികളുമായ് നടക്കുന്നത്, അല്ലെങ്കിൽ അതാണ് ഇന്നത്തെ ” കളി ” എന്ന് പറയുന്നത് . അത്രമേൽ അബദ്ധജഢിലമായ വരട്ടു തത്വവാദ പ്രക്രിയയാണ് ഈ ” കണക്ക് പുറത്തു വിടൽ പണി”.

ഇത് പണിയാണ്, ഞാനും അപ്പനും ചേർന്നുള്ള ” ട്രസ്റ്റ് ” മാത്രം ഇവിടെ മതി എന്നുള്ള റിഗ്രസ്സീവായ ഒരു തോട്ടാണ് ഇത്, ഈ രംഗത്തേയ്ക്ക് എത്തുന്ന വിഷനുള്ള സംരംഭകരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം, പരിണിത ഫലമോ ഈ രംഗത്തെ സ്വപ്നം കണ്ട് ആശ്രയിച്ച് നിൽക്കുന്ന ഒരു വലിയ വിഭാഗം യുവജനതയെ, തൊഴിലാളികളെ മുച്ചൂടും നശിപ്പിയ്ക്കുക എന്നത് തന്നെയാണ്

ഈ കണക്കു വിടൽ കലാപരിപാടികൾക്കെതിരെ ആദ്യം രംഗത്ത് എത്തേണ്ടത് ഈ സംസ്ഥാനത്തെ യുവജന സംഘടനകൾ തന്നെയാണ്. പിന്നീട് തൊഴിലാളി സംഘടനകൾ, സർക്കാർ ഒക്കെയാണ്, വെടക്കാക്കി തനിയ്ക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമ്മാണം നിലയ്ക്കുക തന്നെ ചെയ്യും.

ഒരു കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ്. അത് മുറുക്കാൻ കട നടത്തിയാലും തട്ടുകട നടത്തിയാലും വൻകിട വ്യവസായങ്ങൾ നടത്തിയാലും ഉണ്ടാവും, സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ്, എല്ലാവർക്കും അത് സാധ്യവുമല്ല, കേവലമായ ലാഭത്തിന്റെ ഭാഷ മാത്രമല്ല അത്, അതൊരു പാഷനാണ്, മിടുക്കുള്ളവർ ഈ രംഗത്ത് അതിജീവിയ്ക്കും, ചിലർ വിജയിച്ചു നിൽക്കുമ്പോൾ തന്നെ രംഗം വിടും, അതൊക്കെ ഒരോ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ” വിഷൻ ” അനുസരിച്ചാവും.

ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങൾ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട്, അത് അറിയാതെ പോവരുത്. പാമ്പുകൾ പടം പൊഴിയ്ക്കുമ്പോൾ പാമ്പുകൾ കരഞ്ഞുകൊള്ളും, പാമ്പാട്ടികൾ കരയേണ്ടതില്ല. മാറ്റമില്ലാത്തത് എന്തിനാണ്? സിനിമകൾ മാറട്ടെ, നിക്ഷേപ സാധ്യതകളും മാറട്ടെ, ഈ രംഗം മാനം മുട്ടെ വളരട്ടെ!

Leave a Reply