പുതുച്ചേരി∙ തമിഴ്നാട്ടിലെ പുതുച്ചേരിയിൽ കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ 18 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദുർഗന്ധമുണ്ടായപ്പോൾ ആളുകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ അഴുക്കുചാലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാതായത്. വൈകിട്ട് കളിക്കാൻ പോയ കുട്ടി സമയമായിട്ടും തിരിച്ചു വന്നില്ല. രാത്രി എട്ടുമണിയോടെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. വിടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഭവത്തിൽ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.