പുതുച്ചേരി ∙ ആൺസുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാമെന്നു പറഞ്ഞ് ദുർമന്ത്രവാദത്തിന്റെ പേരിൽ പോണ്ടിച്ചേരി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്.ആറുമാസം മുൻപ് ആൺസുഹൃത്ത് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിൽ നിരാശപ്പെട്ടിരിക്കുമ്പോഴാണ് കുടുംബം, പ്രണയം, ബിസിനസ് എന്നിവിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ ദുർമന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന ഇൻസ്റ്റഗ്രാം പരസ്യം യുവതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് തന്റെ പ്രശ്നങ്ങൾ പറഞ്ഞ് യുവതി ഈ അക്കൗണ്ടിലേക്ക് സന്ദേശം അയച്ചു. ചില പ്രത്യേക പൂജകൾ ചെയ്താൽ ആൺസുഹൃത്ത് തിരികെ വരുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ യുവതിയിൽനിന്നു പണം വാങ്ങുകയായിരുന്നു.
ഓൺലൈൻ വഴിയാണു യുവതി പണം നൽകിയത്. തുടർന്ന് ഇവർ യുവതിയുടെയും ആൺസുഹൃത്തിന്റെയും ഫോൺനമ്പർ വാങ്ങി. ആൺസുഹൃത്തിന്റെ ഫോണിൽ നിന്ന് കോൾ വരുമെന്നും എന്നാൽ അത് എടുക്കരുതെന്നും നിർദേശിച്ചു. ആ ദിവസം തന്നെ യുവതിയുടെ ഫോണിലേക്ക് ആൺസുഹൃത്തിന്റെ നമ്പരിൽനിന്ന് കോൾ വന്നു. എന്നാൽ തട്ടിപ്പുകാരുടെ നിർദേശം വിശ്വസിച്ച യുവതി ഫോണെടുത്തില്ല. തുടർന്ന് തട്ടിപ്പുകാർ പലതവണയായി കൂടുതൽ പണം ആവശ്യപ്പെട്ടു. 10 ദിവസത്തിനിടെ പലതവണയായി 5.84 ലക്ഷം രൂപ പെൺകുട്ടിയിൽനിന്ന് തട്ടിപ്പുകാർ കൈക്കലാക്കി.
ലക്ഷങ്ങൾ കൈമാറിയിട്ടും സുഹൃത്തിൽനിന്ന് മറ്റു പ്രതികരണങ്ങളൊന്നും ഇല്ലാതായതോടെയാണു യുവതി തട്ടിപ്പ് തിരിച്ചറിഞ്ഞത്.തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമെൊന്നും ലഭിച്ചില്ല. പ്രത്യേക മൊബൈൽ ആപ്ലിക്കേഷനോ മറ്റോ ഉപയോഗിച്ചായിരിക്കും സുഹൃത്തിന്റെ നമ്പറിൽനിന്ന് പെൺകുട്ടിക്ക് കോൾ വന്നതെന്ന് പൊലീസ് പറഞ്ഞു. ആരെയെങ്കിലും ഫോൺ ചെയ്യുമ്പോൾ അവരുടെ ഫോണിൽ മറ്റു നമ്പർ കാണിക്കാനായി ആപ്ലിക്കേഷനുകളുണ്ടെന്നും ഇതിലൂടെ തട്ടിപ്പുകാർ തങ്ങളുടെ നമ്പർ സുഹൃത്തിന്റെ നമ്പറാക്കി മാറ്റി കോൾ ചെയ്തിരിക്കാമെന്നും പൊലീസ് അറിയിച്ചു.