റിയാദ്: സഊദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഗൾഫ് എയർ സർവ്വീസുകളിൽ ബാഗേജിൽ മാറ്റം വരുത്തി. നേരത്തെ ഉണ്ടായിരുന്ന ബാഗേജ് മാറ്റം ഇന്ത്യയിലേക്ക് വീണ്ടും സർവ്വീസുകൾ പുനഃരാരംഭിച്ചതോടെ ഗൾഫ് എയർ വീണ്ടും യാത്രക്കാരെ ഉണർത്തി.
യാത്രക്കാർ തങ്ങളുടെ യാത്രയോടൊപ്പമുള്ള ബാഗേജ് സംവിധാനത്തിലെ പുതിയ നിബന്ധന ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങുന്ന അവസ്ഥയാണിപ്പോൾ. കാർഡ് ബോർഡ് ബോക്സുകൾ അനുവദിക്കില്ലെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്.
ഇതിനകം തന്നെ നിരവധി പേർക്ക് വിമാനത്താവളത്തിൽ വെച്ച് യാത്ര അനുവദിച്ചത് തന്നെ അവസാന ഘട്ടത്തിൽ ബാഗേജ് ബോക്സ് മാറ്റിയതിനു ശേഷമാണ്. കഴിഞ്ഞ ദിവസവും ജിദ്ദയിൽ വെച്ച് ഇക്കാര്യം അറിയാതെയെത്തിയ യാത്രക്കാരൻ എയർപോർട്ടിൽ നിന്ന് തന്നെ വാങ്ങിയ പുതിയ ട്രോളി ബാഗിലേക്ക് സാധനങ്ങൾ മാറ്റിയ ശേഷമാണ് യാത്ര അനുവദിച്ചത്. ഇത് തന്നെ പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം നൽകുകയും വേണം. ഇന്ത്യയിലേക്ക് വീണ്ടും സർവ്വീസുകൾ പുനഃരാരംഭിച്ചതോടെ നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ ബാഗേജ് സംവിധാനം ഉണർത്തി വീണ്ടും ഗൾഫ് എയർ ട്രാവൽസ് ഏജൻസികൾക്ക് അറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾക്ക് ഏതെങ്കിലും വലിപ്പത്തിലോ അളവുകളിലോ ഉള്ള കാർഡ്ബോർഡ് ബോക്സുകൾ സ്വീകരിക്കില്ലെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്. പരമാവധി 158 സെന്റീമീറ്റർ വലിപ്പമുള്ള സാധാരണ സ്യൂട്ട്കേസുകൾ സ്വീകരിക്കും. കാർഡ്ബോർഡ് ബോക്സുകൾ മാത്രമാണ് സ്വീകരിക്കാതിരിക്കുക. ചെക്ക് ഇൻ ബാഗുകൾക്ക് അനുവദനീയമായ അളവുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
158 സെന്റിമീറ്ററിൽ കൂടുതലുള്ളതും എന്നാൽ 215 സെന്റിമീറ്ററിൽ താഴെയുള്ളതുമായ ഏത് ബാഗേജും “ഓവർ സൈസ്” ലഗേജായി കണക്കാക്കും. അതിന് അധിക ലഗേജായി ചാർജ് ചെയ്യണം. 215 സെന്റിമീറ്ററിൽ കൂടുതലുള്ള ബാഗേജ് തീരെ സ്വീകരിക്കില്ല.
നിശ്ചിത അളവുകളിലുള്ള സ്യൂട്ട്കേസുകൾ, ബ്രീഫ്കേസുകൾ, ബാഗുകൾ, മുൻകൂട്ടി പാക്ക് ചെയ്ത ഇലക്ട്രിക്കൽ സാധനങ്ങൾ എന്നിവ സ്വീകരിക്കും. ഇവ എയർപോർട്ടുകളിലെ പ്ലാസ്റ്റിക് റാപ്പിൽ പൊതിയാവുന്നതാണ്. പരമാവധി 50 ഇഞ്ച് വരെയുള്ള ടിവികൾ ദമാം, ജിദ്ദ, മദീന എയർപോർട്ടുകളിൽ സ്വീക്വരിക്കും.
ഗൾഫ് എയറിന്റെ ഈ തീരുമാനം ഏറെ ബുദ്ധിമുട്ടിലാക്കുന്നത് കുടുംബ സഹിതം പോകുന്ന യാത്രക്കാരെയാണ്. ഫാമിലി സഹിതം പോകുമ്പോൾ കൂടെയുള്ള ഓരോ ആളുകൾക്കും പുതിയ രണ്ട് വീതം ട്രോളികൾ വാങ്ങേണ്ട ഗതികേടിലാണ് പ്രവാസി കുടുംബങ്ങൾ.