Spread the love

ഇന്ത്യയുമായുള്ള ബന്ധം സുദൃഢമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി.


മനാമ : ബഹ്‌റൈനിൽ വികസന പ്രക്രിയയിൽ ഇന്ത്യൻ സമൂഹത്തിന്റെ സേവനം മഹത്തരമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. രാജ്യം അത് അംഗീകരിക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായുള്ള ചർച്ചയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യ-ബഹ്‌റൈൻ ബന്ധം എല്ലാ തലത്തിലും സുദൃഢമാണ്. ചരിത്രപരമായ ബന്ധം സംയുക്ത കരാറുകളിലൂടെയും മറ്റും കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. സാമ്പത്തിക,നിക്ഷേപ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല വളർച്ച പ്രാപിച്ചു. വ്യാപാര ബന്ധവും മെച്ചപ്പെട്ട അവസ്ഥയിലാണ്.
പരസ്പര നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തി വികസന രംഗത്ത് പുരോഗതി കൈവരിക്കാനുള്ള പ്രവർത്തനങ്ങളും സജീവമാണ്. കോവിഡ് മഹാമാരിക്കെതിരെ സഹകരിച്ചുള്ള പ്രവർത്തനമുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ സുരക്ഷയിലും സ്ഥിരതയിലും ഇന്ത്യ സ്വീകരിക്കുന്ന നിലപാട് സൗഹൃദത്തിൽ ഊന്നിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.ബഹ്‌റൈൻ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ബഹ്‌റൈൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയും എന്നിവർ കാണിക്കുന്ന താൽപര്യത്തിന് മന്ത്രി വി.മുരളീധരൻ നന്ദി അറിയിച്ചു.
മൂന്ന് ദിവസത്തെ സന്ദർശനത്തിന്  മന്ത്രി വി.മുരളീധരൻ തിങ്കളാഴ്ച വൈകിട്ടാണ് ബഹ്‌റൈനിൽ എത്തിയത്. ബഹ്‌റൈൻ ഇന്ത്യൻ എംബസി സന്ദർശിച്ച മന്ത്രി മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളുകളുടെ പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ഇന്ത്യയുടെ മഹത്തായ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്താൻ സ്കൂളുകൾ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

Leave a Reply