നടൻ ബാല ഈയിടെയായിരുന്നു നാലാമതും വിവാഹിതനായത്. ആദ്യം ഒരു കന്നട പെൺകുട്ടിയെയും, പിന്നീട് മലയാളിയും ഗായികയുമായ അമൃത സുരേഷിനെയും ഇത് വേർപിരിഞ്ഞ ശേഷം മലയാളിയും ഡോക്ടറുമായ എലിസബത്ത് ഉദയകുമാറിനെയും ആയിരുന്നു ബാല വിവാഹം കഴിച്ചിരുന്നത്. എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ട് തന്നെ നിയമനടപടികളിലേക്ക് കടക്കേണ്ട കാര്യം ബാലയ്ക്കില്ലായിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റവും ഒടുവിൽ തമിഴ്നാട് സ്വദേശിയും ബന്ധുവുമായ കോകിലയുമായുള്ള വിവാഹം.
കോകിലയുമായുള്ള വിവാഹത്തിനു പിന്നാലെ താരം കൊച്ചിയിൽനിന്നും വിവിധ വിവാദങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നു. എന്നാലിപ്പോഴിതാ കോകിലയ്‌ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ബാല വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ബാലയുടെ വീട്ടിലുണ്ടായിരുന്ന വേലക്കാരിയുടെ മകളാണെന്ന തരത്തിലുള്ള വീഡിയോകൾ സമൂഹമാദ്ധ്യങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായാണ് താരം എത്തിയത്. വീഡിയോ പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബാല പറഞ്ഞു.
” കോകില ഒരുപാട് വിഷമത്തിലാണ്. ഇന്ന് എന്റെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു. ഇത് എന്റെ ഭാര്യയെ അധിക്ഷേപിച്ചവർക്കുള്ള മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാമോ? ഇതാണോ നിങ്ങളുടെ സംസ്‌കാരം? ഇത് പറഞ്ഞവന്റെ ഭാര്യയെ ഞാൻ എന്താണ് വിളിക്കേണ്ടത്? മറ്റുള്ളവരുടെ ഭാര്യയെ നിങ്ങൾ എന്ത് വേണമെങ്കിലും വിളിക്കും. കാരണം അതാണ് നിങ്ങളുടെ സംസ്‌കാരം.
കോകിലയുടെ അച്ഛൻ വിളിച്ചിരുന്നു. അദ്ദേഹം രാഷ്‌ട്രീയത്തിൽ വലിയ ആളാണ്. പൊലീസിൽ പരാതിപ്പെടേണ്ട കാര്യങ്ങൾ അദ്ദേഹം നോക്കിക്കോളാമെന്ന് പറഞ്ഞു. ഇത് തുടങ്ങിവച്ചത് ഞാൻ അല്ല. തുടങ്ങിവച്ചതാരാണോ അയാൾ മാപ്പ് പറയണം. ഒരാളുടെയും കുടുംബത്തിൽ കയറികളിക്കരുത്.”- ബാല പറഞ്ഞു.
വൈക്കത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഭാര്യയും താനും നല്ല രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ പലർക്കും പിടിക്കുന്നില്ല. ഇതിന്റെ വൈരാഗ്യമാണ് ഇത്തരത്തിൽ ഓരോന്ന് വിളിച്ച് പറയാൻ പ്രേരിപ്പിക്കുന്നതെന്നും ബാല വ്യക്തമാക്കി.