ആറാട്ട് എന്ന ഒറ്റ മോഹൻലാൽ ചിത്രം കാരണം മലയാളികൾക്കാകെ പരിചിതനായി മാറിയ ആളാണ് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ആറാട്ട് എന്ന ചിത്രം ഹിറ്റായില്ലെങ്കിലും പിന്നീടങ്ങോട്ട് സന്തോഷ് വർക്കി എന്ന യൂട്യൂബർ കേരളത്തിൽ ഹിറ്റടിക്കുകയായിരുന്നു.
തുടക്കത്തിൽ സിനിമ നിരൂപണവുമൊക്കെയായി ഒതുക്കത്തിൽ പോയെങ്കിലും പിന്നീട് ആശാൻ വഴിവിട്ട പരാമർശങ്ങളുമായി കത്തി കയറുകയായിരുന്നു. വിവിധ താരങ്ങൾക്ക് എതിരായ മുഖമടച്ചാക്ഷേപങ്ങളും പ്രമുഖ നടിയെ ലിപ്ലോക്ക് ചെയ്യണമെന്ന് പറഞ്ഞതൊക്കെ വലിയ വിവാദങ്ങൾ ആയിരുന്നു. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടി നടന്മാർക്കെതിരെ നിരന്തര അശ്ലീല പ്രയോഗങ്ങൾ നടത്തി മുന്നേറുന്നതിനിടെയാണ് കഴിഞ്ഞദിവസം ആറാട്ടണ്ണന് മുട്ടൻ പണി കിട്ടിയത്.
നടൻ ബാലയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് വിളിപ്പിക്കുകയായിരുന്നു. മുൻപ് ബാലയെയും സന്തോഷ് അധിക്ഷേപിച്ചിരുന്നു. നടി നടന്മാരെ അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് ബാല പോലീസിനു പുറമേ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പാലാരിവട്ടം പോലീസ് സന്തോഷവർക്കിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്നതും മേലിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കില്ല എന്ന് എഴുതി ഒപ്പുവയ്പ്പിക്കുന്നതും.
ഇത്തരത്തിൽ സിനിമ റിവ്യൂവിന്റെ മറവിൽ നടി നടന്മാരുടെ കുടുംബത്തിനെതിരെ അശ്ലീല പരാമർശം നടത്തുന്ന യൂട്യൂബ് മാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് താര സംഘടനയായ അമ്മയുടെ തീരുമാനം എന്നും സന്തോഷ് വർക്കിക്ക് താക്കീത് നൽകി വിട്ടത് തെറ്റ് തിരുത്താനുള്ള അവസരമാണെന്നും ബാലവ്യക്തമാക്കിയിരുന്നു.
അതേസമയം അഞ്ചുവർഷത്തോളം സന്തോഷ് വർക്കി തന്നെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നു എന്ന് വ്യക്തമാക്കി നേരത്തെ നടി നിത്യ മേനോനും രംഗത്ത് വന്നിരുന്നു. സന്തോഷ് തന്നെ ശരിക്കും കഷ്ടപ്പെടുത്തി എന്നും നിരന്തരം ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുകയായിരുന്നു എന്നും അന്ന് അവർ പറഞ്ഞിരുന്നു.








