നാലാമതും വിവാഹിതനായി ഈയടുത്താണ് നടൻ ബാല ആരാധകരെയും തന്റെ മുൻ ഭാര്യമാരെയും ഞെട്ടിച്ചത്. ഏറ്റവും ആദ്യം ഒരു കന്നട പെൺകുട്ടിയെയും, പിന്നീട് മലയാളിയും ഗായികയുമായ അമൃത സുരേഷിനെയും ഇതും വേർപിരിഞ്ഞ ശേഷം മലയാളിയും ഡോക്ടറുമായ എലിസബത്ത് ഉദയകുമാറിനെയും ആയിരുന്നു ബാല വിവാഹം കഴിച്ചിരുന്നത്. ഇതിനു പിന്നാലെയാണിപ്പോൾ ഏറ്റവും ഒടുവിൽ തമിഴ്നാട് സ്വദേശിയും തന്റെ ബന്ധുവുമായ 24 കാരിയെ ബാല താലി ചാർത്തിയത്.
ഭാര്യ കോകിലയ്ക്ക്തന്നോട് ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു എന്നും എന്നാൽ കോകിലയുടെ സ്നേഹം തിരിച്ചറിയാൻ വൈകുകയായിരുന്നുവെന്നും വിവാഹത്തിന് പിന്നാലെ താരം പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹത്തിന് മുഖ്യകാരണം ഒരു ഡയറി ആണെന്നും അതിലൂടെയാണ് കോകിലയ്ക്കു തന്നോടുള്ള ആത്മാർത്ഥ സ്നേഹത്തെ തിരിച്ചറിഞ്ഞതെന്നും ബാല മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കൂടാതെ താൻ വൈകാതെ ഒരു കുഞ്ഞിന്റെ അച്ഛനാവും എന്നും ബാല പറഞ്ഞിരുന്നു.
അതേസമയം ഇന്നലെയായിരുന്നു ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ സംവിധാനം ചെയ്ത സൂര്യയുടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രം കങ്കുവ റിലീസ് ചെയ്തത്. ആദ്യത്തെ ദിവസം തന്നെ ഭാര്യ കോകിലയ്ക്കൊപ്പം സിനിമ കാണാൻ എത്തിയ ബാല സിനിമ ഗംഭീരം ആണെന്നും എല്ലാവരും കാണണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഇതിനിടയിൽ കോകിലയുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ബാല പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.വിവാഹത്തിന് ശേഷം നല്ല ശാപ്പാടും മനസ്സമാധാനവും നല്ല ഉറക്കവും ഉണ്ടെന്നും ജീവിതം ഹാപ്പിയാണെന്നും നടൻ പറഞ്ഞു.