തിരുവനന്തപുരം : വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതു ഡിആർഐയും മറ്റു ചില ദൃക്സാക്ഷികളും നൽകിയ സുപ്രധാന തെളിവുകൾ സിബിഐ അവഗണിച്ചതു കൂടി കണക്കിലെടുത്ത്. 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമ്പോൾ ഈ തെളിവുകളെ കുറിച്ചും സിബിഐ വിശദീകരിക്കേണ്ടി വരും. പുനരന്വേഷണം നടത്താനുള്ള ഉദ്യോഗസ്ഥനെ അടുത്ത ദിവസങ്ങളിൽ സിബിഐ തീരുമാനിക്കും.
സ്വർണക്കടത്തുമായി ബാലഭാസ്കറിനു ബന്ധമില്ലെന്നു ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ ഫോൺ രേഖകൾ സിഡാക്കിൽ പരിശോധിച്ചതിനു ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. ബാലഭാസ്കറിന്റെ 2 ഫോണുകൾ സുഹൃത്ത് പ്രകാശ്തമ്പിയുടെ വീട്ടിലെ പൂജാമുറിയിൽ നിന്നു ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സൂചന ലഭിച്ചു. ബാലഭാസ്കറിന്റെ ഒപ്പമുണ്ടായിരുന്ന ചിലർക്കു സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവും ലഭിച്ചു. ഫോൺ രേഖകളും കണ്ടെത്തലുകളുടെ വിശദാംശവും സിബിഐക്കു ഡിആർഐ കൈമാറിയിരുന്നു. ചില ഫോൺ സംഭാഷണങ്ങളുടെ വിശദാംശവും നൽകി. എന്നാൽ സാമ്പത്തിക ഇടപാടു സംബന്ധിച്ചു കാര്യമായി സിബിഐ അന്വേഷിച്ചില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. ഹൈക്കോടതിയും ഇതു ചൂണ്ടിക്കാട്ടിയിരുന്നു.
ബാലഭാസ്കർ കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയതു ഡിആർഐയാണ്. വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസാണ് ഡിആർഐ അന്വേഷിച്ചത്. ബാലഭാസ്കറിന്റെ കാർ പള്ളിപ്പുറത്ത് അപകടത്തിൽപെട്ട 2018 സെപ്റ്റംബർ 25ന് പുലർച്ചെ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്ത് സംഘത്തിലുള്ളവരാണെന്നു സംശയിക്കുന്നതായി അതുവഴി വാഹനത്തിൽ പോയ കലാഭവൻ സോബി മൊഴി നൽകിയിരുന്നു.
സ്വർണക്കടത്ത് സംഘത്തിൽപെട്ട ഫോട്ടോ തിരിച്ചറിയാനായി ഡിആർഐ സോബിയെ കാണിച്ചു. അതിൽ ഒരാൾക്കു ഡിആർഐ നോട്ടിസ് നൽകിയെങ്കിലും അയാൾ ഹാജരായില്ല. സിബിഐയും ഈ ദിശയിൽ കൂടുതൽ അന്വേഷണം നടത്തിയില്ല.
അപകടം നടന്ന ദിവസം ബാലഭാസ്കർ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെത്തിയ സ്വർണക്കടത്തു കേസിലെ ഒരു പ്രതിയും ഒരു ടെക്നിഷ്യനും സിസിടിവി പരിശോധിച്ചിരുന്നു. ബാലഭാസ്കറിന്റെ ഫോൺ രേഖകളിൽ ചില സംശയങ്ങളുള്ളതായി ഡിആർഐ സിബിഐയെ അറിയിച്ചെങ്കിലും കൂടുതൽ അന്വേഷണം നടന്നില്ല.
4 പേരുടെ നുണപരിശോധന സിബിഐ നടത്തിയപ്പോൾ പരസ്പരവിരുദ്ധ മൊഴികളായിരുന്നു അവരുടേത്. അതിലും സിബിഐ വിശദ അന്വേഷണം നടത്തിയില്ലെന്നാണ് ആക്ഷേപം.