Spread the love

തൃശൂർ∙ രാമായണവുമായി ബന്ധപ്പെട്ട പി.ബാലചന്ദ്രൻ എംഎൽഎയുടെ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ പോസ്റ്റിനെ തള്ളി മന്ത്രി കെ.രാജൻ. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും രാജൻ മാധ്യമങ്ങളോട് അറിയിച്ചു.

‘‘അദ്ദേഹം കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു. ഇത്തരം ഒരു കാലത്ത് ഒരു കമ്യൂണിസ്റ്റ് നേതാവ് ചെയ്യാൻ പാടില്ലാത്ത ഒരു പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്. വേണ്ടത്ര ജാഗ്രത അദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്നതും പാർട്ടിയുടെ അഭിപ്രായം ഇതല്ല എന്നതും അന്നുതന്നെ പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു’’–രാജൻ പറ‍ഞ്ഞു.
അതേസമയം, ഫെയ്സ്ബുക് പോസ്റ്റിൽ പി.ബാലചന്ദ്രന്‍ എംഎല്‍എയോട് സിപിഐ വിശദീകരണം തേടി. വിശദീകരണം എഴുതി നൽകേണ്ടെന്നും ജില്ലാ എക്സിക്യുട്ടീവില്‍ നേരിട്ടെത്തി നൽകണമെന്നുമാണ് പാർട്ടിയുടെ അറിയിപ്പ്. ഈ മാസം 31നാണ് അടിയന്തര ജില്ലാ എക്സിക്യൂട്ടിവ് യോഗം. ഇതു സംബന്ധിച്ച കത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി എംഎല്‍എയ്ക്ക് കൈമാറി. ലോക്സഭാ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്നാണ് സിപിഎം, സിപിഐ നേതാക്കളുടെ വിമർശനം.

രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ഇതോടെ ഫെയ്സ്ബുക്കിൽനിന്ന് കുറിപ്പ് പിൻവലിച്ച ബാലചന്ദ്രൻ ക്ഷമാപണവും നടത്തി. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്നും ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎൽഎയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി അറിയിച്ചതിനു പിന്നാലെയാണ് ഖേദപ്രകടനം.

Leave a Reply