മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പ് തന്നെ പൊതുജനത്തിന്‍റെ വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടു. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്ക കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചിട്ടു. ഈ വഴി നടന്ന് പോയ കാൽനടയാത്രക്കാരെപ്പോലും പൊലീസ് തടഞ്ഞു വച്ചു. കറുത്ത മാസ്ക് ധരിച്ചവർ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുതെന്നാണ് പൊലീസ് നൽകിയ നിർദേശം. കോട്ടയത്ത് കൈക്കുഞ്ഞുമായി മാമ്മോദീസ കഴിഞ്ഞ് വരുന്ന കുടുംബം നടുറോട്ടിൽ കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂറോളം നേരമാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഒരു മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തുന്ന ഏറ്റവും കര്‍ശനമായ സുരക്ഷയായിരുന്നു കോട്ടയം നഗരത്തില്‍ ഇന്ന് രാവിലെ കണ്ടത്.