കൊച്ചി: ഇ-കോമേഴ്സ് സൈറ്റുകൾ വഴിയുള്ള പടക്ക വിൽപന നിരോധനം കർശ്ശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. 2018 ഒക്ടോബർ 23ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഇടക്കാല ഉത്തരവ്. ഫയർ വർക്സ് ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. തുടർന്ന്, ഹരജി മേയ് 31ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
രാജ്യമെമ്പാടും പടക്ക വിൽപ്പന നിരോധിക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവിലാണ് ഓൺലൈൻ വിൽപ്പന അടക്കം നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, ഓൺലൈനായി പടക്കം ലഭ്യമാക്കാമെന്ന് കാട്ടി ഒട്ടേറെ സ്ഥാപനങ്ങൾ ഇപ്പോഴും പരസ്യം നൽകുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ല പൊലീസ് മേധാവികൾക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു