
വനിതകളുടെ എലൈറ്റ് നീന്തൽ മത്സരങ്ങളിൽ ട്രാൻസ്‌ജെൻഡർ താരങ്ങൾ മത്സരിക്കരുത് എന്ന് നീന്തലിന്റെ അന്താരാഷ്ട്ര ഭരണസമിതിയായ ഫിന. വനിതാ താരങ്ങളേക്കാൾ കായികക്ഷമത ട്രാൻസ് താരങ്ങൾക്കുണ്ടെന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കായി ഒരു ഓപ്പൺ കാറ്റഗറി ഏർപ്പെടുത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും ഭരണസമിതി തീരുമാനമെടുത്തു.
‘മത്സരിക്കാനുള്ള അത്‌ലറ്റുകളുടെ അവകാശങ്ങൾ ഞങ്ങൾക്ക് സംരക്ഷിക്കേണ്ടതുണ്ട്, എന്നാൽ അതോടൊപ്പം തന്നെ മത്സരബുദ്ധിയോടെ താരങ്ങൾ പോരാടുന്ന ഇവന്റുകളിൽ, പ്രത്യേകിച്ച് ഫിനയിലെ വനിതാ വിഭാഗത്തിലെ മത്സരങ്ങളിൽ തുല്യത ഉറപ്പാക്കുക എന്നുള്ളതും ഞങ്ങളുടെ കടമയാണ്, എല്ലാ കായികതാരങ്ങളെയും സ്വീകരിക്കുക എന്നതാണ് ഫിനയുടെ നയം. ഒരു ഓപ്പൺ കാറ്റഗറി സൃഷ്ടിക്കുന്നതിലൂടെ എല്ലാ താരങ്ങൾക്കും എലൈറ്റ് വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇത്തരമൊരു തീരുമാനം മറ്റാരും ഇതുവരെ എടുത്തിട്ടില്ല. അതിനാൽ ഈ പുതിയ നീക്കത്തിൽ ഫിന മാർഗദർശിയാകേണ്ടതുണ്ട്. ഈ പുതിയ നീക്കം ഫലവത്താക്കുന്നതിനുള്ള ശ്രമത്തിൽ എല്ലാ കായിക താരങ്ങളും ഉൾപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.’- ഫിന പ്രസിഡന്റ് ഹുസൈൻ അൽ മുസല്ലം പറഞ്ഞു.