Spread the love

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

ന്യൂഡൽഹി: എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മുകളിൽ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള തീരുമാനമെടുത്തതെന്ന് ആർ.ബി.ഐ. പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

യഥാസമയം പണം നിറയ്ക്കാത്തതിനെ തുടർന്ന് പ്രവർത്തന രഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്നുമുളള വിലയിരുത്തലിലാണ് നടപടി. അതിനാൽ ബാങ്കുകൾ, എടിഎം ഓപ്പറേറ്റർമാർ എന്നിവർ എടിഎമ്മുകളിൽ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും പണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആർ.ബി.ഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആർ.ബി.ഐ. വ്യക്തമാക്കുന്നുണ്ട്.
ഒക്ടോബർ ഒന്നുമുതൽ പിഴ ഈടാക്കുന്നത് നിലവിൽ വരും. മാസത്തിൽ പത്തുമണിക്കൂറിൽ കൂടുതൽ സമയം എടിഎം കാലിയായാൽ പതിനായിരം രൂപ പിഴയീടാക്കും. വൈറ്റ് ലേബൽ എടിഎമ്മുകളുടെ കാര്യത്തിൽ ആ ഡബ്ല്യു.എൽ.എയ്ക്ക് പണം നൽകുന്ന ബാങ്കിനായിരിക്കും പിഴ ചുമത്തുക. ബാങ്കിന് അതിന്റെ വിവേചനാധികാരത്തിൽ ഡബ്ല്യു.എൽ.എ ഓപ്പറേറ്ററിൽ നിന്ന് പിഴപ്പണം ഈടാക്കാം.
രാജ്യത്ത് വിവിധ ബാങ്കുകളുടെ 2,13,766 എടിഎമ്മുകളാണ് ഉളളത്.

Leave a Reply