
തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബാങ്ക് ജീവനക്കാരന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മോഹന്‍ പോരയിലെ എല്ലക്വായ് ദേഹതി ബാങ്കില്‍ ജോലി ചെയ്യുന്ന വിജയ് കുമാര്‍ എന്നയാള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കശ്മീരിലെ ആസൂത്രിത കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് കുമാറിന്റെ കൊലപാതകം. കഴിഞ്ഞയാഴ്ച ബുദ്ഗാമിലെ ചദൂര മേഖലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ടിവി ആര്‍ട്ടിസ്റ്റ് അമ്രീന്‍ ഭട്ട് കൊല്ലപ്പെട്ടിരുന്നു. മെയ് 12ന് ബുദ്ഗാം ജില്ലയില്‍ റവന്യൂ വകുപ്പ് ജീവനക്കാരന്‍ രാഹുല്‍ ഭട്ടിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. കശ്മിരില്‍ കുടിയേറിയ ഇതര മതസ്ഥര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും നേരേയാണ് തീവ്രവാദികള്‍ ആക്രമണം നടത്തുന്നത്.