ബാങ്ക് സർവർ ഹാക്ക് ചെയ്ത് 70 ലക്ഷം കവർന്നു.15 ദിവസം ഡല്‍ഹിയില്‍ തങ്ങി നടത്തിയ അന്വേഷണത്തിലാണു നൈജീരിയന്‍ സ്വദേശികളായ ഇമ്മാക്കുലേറ്റ് ചിന്നസ എന്ന യുവതിയും ഇഖെന്ന കോസ്‌മോസ് എന്ന യുവാവും പിടിയിലായത്.
വ്യാജ സിം കാര്‍ഡ് നമ്ബറുകളിലേക്ക് ഒ.ടി.പി. വരുംവിധം ക്രമീകരിച്ച് നാല് ഉപഭോക്‌താക്കളുടെ അക്കൗണ്ടില്‍നിന്നാണ് 70 ലക്ഷം രൂപയോളം തട്ടിയെടുത്തത്.
ബാങ്ക് മാനേജര്‍ അബ്‌ദുള്‍ നാസറിന്റെ പരാതിയില്‍ മലപ്പുറം സൈബര്‍ ക്രൈം പോലീസ് കേസെടുത്തു.
ബാങ്കില്‍ നല്‍കിയ വ്യാജ നമ്ബറുകളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.
പ്രതികള്‍ 19 ബാങ്കുകളിലേക്കാണ് തുക മാറ്റിയത്. ബിഹാര്‍, മിസോറം, പശ്‌ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വ്യാജ വിലാസങ്ങള്‍ നല്‍കിയാണു തട്ടിപ്പുകാര്‍ പലരുടെയും അക്കൗണ്ട് ഓപ്പണ്‍ ചെയ്‌തിരിക്കുന്നതെന്നും എ.ടി.എം. വഴി ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്നാണ് തുക പിന്‍വലിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ബാങ്കില്‍നിന്നു തട്ടിയെടുത്ത പണത്തില്‍ ഭൂരിഭാഗവും നൈജീരിയയിലേക്കു കൈമാറ്റം ചെയ്‌തതായും ഇടനിലക്കാരായി ബാങ്കിടപാടുകള്‍ നടത്തിയവര്‍ക്കു കമ്മിഷന്‍ നല്‍കിയതായും പ്രതികള്‍ സമ്മതിച്ചു. ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്‌തു കസ്‌റ്റമറുടെ ഡേറ്റ കൈക്കലാക്കിയതില്‍, ബാങ്ക് സെര്‍വറും മൊബൈല്‍ ബാങ്കിങ് സെര്‍വറും കൈകാര്യം ചെയ്‌തിരുന്ന പ്രൈവറ്റ് കമ്ബനികള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
എസ്.എച്ച്.ഒ: എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.സി.പി.ഒ: റിയാസ്, സി.പി.ഒ: കെ.ടി. രഞ്‌ജിത്ത്, വനിതാ പോലീസ് സ്‌റ്റേഷനിലെ എസ്.സി.പി.ഒ: ദീപ, ഡാന്‍സാഫ് സ്‌ക്വാഡിലെ ശൈലേഷ്, സലിം, ദിനേശ്, പോലീസ് ഡ്രൈവര്‍ സി.വി. രാമചന്ദ്രന്‍, ഗിരീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.