ഡൽഹി ; 10 വർഷത്തിലേറെയായി അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ തിരിച്ചു നൽകാൻ ജൂൺ 1 മുതൽ ബാങ്കുകൾ 100 ദിവസത്തെ പ്രത്യേക ക്യാംപെയ്ൻ ആരംഭിക്കുന്നു. ഓരോ ജില്ലയിലും അതത് ബാങ്കുകളിലെ ഇത്തരത്തിലുള്ള ടോപ് 100 നിക്ഷേപങ്ങൾ അടുത്ത 100 ദിവസത്തിനുള്ളിൽ അവകാശികളെ കണ്ടെത്തി തിരികെ നൽകാനാണ് ശ്രമം.
10 വർഷമായി അവകാശികളില്ലാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്.
അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ നോമിനി വിവരങ്ങൾ ലഭ്യമെങ്കിൽ അവരെ ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ നേരിട്ട് ബന്ധപ്പെടണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഫിനാൻഷ്യൽ സ്റ്റബിലിറ്റി ആൻഡ് ഡവലപ്മെന്റ് കൗൺസിലിൽ (എഫ്എസ്‍ഡിസി) തീരുമാനമെടുത്തിയിരുന്നു. പൊതുമേഖലാ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 35,000 കോടി രൂപയാണെന്ന് അടുത്തയിടയ്ക്ക് ധനമന്ത്രാലയം ലോക്സഭയിൽ അറിയിച്ചിരുന്നു.