മുംബൈ :പുറങ്കടലിലെ ബാർജ് ദുരന്തത്തിൽ 3 മലയാളികളുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.വയനാട് മൂപൈനാട് വടുവൻചാൽമേലേ വെള്ളേരി സുമേഷ്( 31), തൃശ്ശൂർ പുതുരുത്തി മുനാപ്പി വീട്ടിൽ അർജുൻ( 38),കൊല്ലം ശക്തികുളങ്ങര സ്വദേശി ആൻറണി( 27) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതോടെ 5 മലയാളികളടക്കം മരണം 51 ആയി.
ബാർജിൽ ജോലി ചെയ്തിരുന്ന 3 മലയാളികൾ അടക്കം 24 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിത മാണ്. കാണാതായവരിൽ ചെബേരി വലിയപറമ്പിലെ താണിക്കൽ വീട്ടിൽ ജോസഫിൻറെ മകൻ സനീഷും ഉൾപ്പെടുന്നു. മരിച്ച സുമേഷ് ഡൽഹി ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. റിഗ്ഗിൽ ജീവനക്കാരനായിരുന്ന അർജുന്റെ മൃതദേഹവും ഇന്ന് നാട്ടിലെത്തിക്കും. വയനാട് സ്വദേശി അനീഷ് ജോസഫിൻറെ മൃതദേഹം ഇന്നലെ ഏച്ഛം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് മുങ്ങിയ ബാർജിൻറെ ക്യാപ്റ്റൻ ബൽവീന്ദർ സിങ്ങിനെതിരെ കേസെടുത്തു. ബാർജിലെ ചീഫ് എൻജിനീയർ ആയിരുന്ന റഹ്മാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റഹ്മാൻ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പി- 305 ബാർജിന്റെ ചുമതലക്കാരനായ അഫ്കോൺസ് 35 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിക്കുകയോ, കാണാതാവുകയോ ചെയ്തവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപ വീതവും, രക്ഷപ്പെട്ട 186 പേർക്ക് ഒരു ലക്ഷം രൂപ വീതവും ഒഎൻജിസി സഹായം പ്രഖ്യാപിച്ചു.