ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന് ജന്മദിനാശംസകളുമായി ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ് ടീം. ചിത്രത്തിൽ ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് ആഷിഖ് അബു അവതരിപ്പിക്കുന്നത്. അനുരാഗിന്റെ ജന്മദിനത്തിൽ റൈഫിൾ ക്ലബിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.മലയാള സിനിമയിൽ അഭിനേതാവായി അനുരാഗ് കശ്യപിന്റെ അരങ്ങേറ്റം കൂടിയാണ് റൈഫിൾ ക്ലബ്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
ആഷിഖ് അബുവിനോട് ചോദിച്ചു വാങ്ങിയ വേഷത്തിലൂടെയാണ് അനുരാഗ് മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ്ങ് കോൾ പോസ്റ്ററിന് താഴെ, ‘അതിഥി വേഷത്തിനു നിങ്ങൾക്ക് മുംബൈയിൽ നിന്ന് ഒരു ഉത്തരേന്ത്യൻ നടനെ ആവശ്യമുണ്ടോ?’ എന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്തിരുന്നു. ഇതിന് ”അതെ സർജി, സ്വാഗതം” എന്നായിരുന്നു ആഷിഖ് അബു നൽകിയ മറുപടി.ഇതിനു പിന്നാലെയാണ് ചിത്രത്തിലെ വില്ലൻ റോളിലേക്ക് അനുരാഗ് കശ്യപിനെ ആഷിഖ് അബു കാസ്റ്റ് ചെയ്തത്. ദിലീഷ് നായർ, ശ്യാം പുഷ്‌കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് റെഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.