Spread the love
അട്ടപ്പാടി ചുരത്തിലെ തടസ്സങ്ങൾ നീക്കം ചെയ്തു;
അപകട കാരണം ഗൂഗിൾ മാപ്പും ചെക്ക്പോസ്റ്റ് ജീവനക്കാരും

മണ്ണാർക്കാട്: അർധരാത്രി മുതൽ ചുരത്തിൽ തടസ്സം സൃഷ്ടിച്ച വലിയ ട്രക്കുകൾ റോഡിൽ നിന്നും മാറ്റി ചുരം റോഡ് ഗതാഗത യോഗ്യമാക്കി. നിലവിൽ ചെറിയ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. അല്പസമയത്തിനകം വലിയ വാഹനങ്ങൾക്കും പ്രവേശനം അനുവദിക്കും.

കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന രണ്ടു ട്രെയിലർ ലോറികളിൽ ഒന്ന് ചുരത്തിൽ എട്ടാം വളവിൽ മറിയുകയും മറ്റൊന്ന് ഏഴാം വളവിൽ കുടുങ്ങുകയും ചെയ്ത സംഭവത്തിൽ വില്ലനായത് ഗൂഗിൾ മാപ്പും ചെക്ക് പോസ്റ്റ് ജീവനക്കാരും.

ഇന്നലെ രാത്രി കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്ക് ലോഡുമായി പോകുകയായിരുന്ന പതിനാറ് ചക്രങ്ങളുള്ള രണ്ട് വലിയ കണ്ടെയ്‌നർ ലോറികളാണ് അട്ടപ്പാടി ചുരത്തിൽ കുടുങ്ങിയത്.

കഴിഞ്ഞ ദിവസം കനത്ത മഴയിൽ മലയിടിഞ്ഞുണ്ടായ ഗതാഗത തടസ്സം മൂലം വലഞ്ഞ അട്ടപ്പാടിക്കാർക്ക് ഇരട്ടി ദുരിതമാണ് ലോറി അപകടം ഉണ്ടാക്കിയത്. ഗൂഗിൾ മാപ് കാണിച്ച വഴി യാത്ര ചെയ്തതാണ് ലോറികളെ ചുരത്തിലെത്തിച്ചത്. ചുരം തുടങ്ങുന്ന ആനമൂളിയിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉള്ളതാണ്. ചെക്ക് പോസ്റ്റ് ജീവനക്കാരുടെ നിരുത്തരവാദ നിലപാടും അപകടത്തിന് കാരണമായി. ഭീമൻ ലോറികൾക്ക് കടന്നു പോകാൻ കഴിയാത്ത റോഡാണ് ചുരം റോഡ് എന്ന വിവരം ചെക്ക് പോസ്റ്റ് ജീവനക്കാർ ഡ്രൈവർമാർക്ക് നൽകാത്തതാണ് ഒരു നാടിനെ മുഴുവൻ ബുദ്ധിമുട്ടിലാക്കാൻ കാരണമായത്.

Leave a Reply