മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ഒഫിഷ്യല്‍ ലോഞ്ചു മാര്‍ച്ച് 24ന് നടന്നു. 2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹന്‍ലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മോഹന്‍ലാലും എത്തുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. ചിത്രം പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബിഗ് ബജറ്റ് ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് മോഹന്‍ലാല്‍ ബറോസിലെത്തുന്നത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.